പെരുമാറ്റച്ചട്ടവും കോവിഡ്-ഹരിത പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കണം -ജില്ലാ കളക്ടര്‍
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്.മദ്യം, പണം, ഭീഷണി എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ളവരെ സ്വാധീനം ചെലുത്തുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ പൊതുജനങ്ങള്‍ വോട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. എല്ലാവരെയും പോളിങ് ബൂത്തുകളില്‍ എത്തിക്കാന്‍ കഴിയണം. ഈ സാഹചര്യങ്ങളില്‍ പരമാവധി ആളുകളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകള്‍ ഇതിനോടകം സജ്ജമായിട്ടുണ്ട്. വരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലന പരിപാടികളും പൂര്‍ത്തിയാക്കി. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം പുരോഗമിച്ച് വരികയാണ്. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയപ്രകാശ്, മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.