വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ നില്‍പ്പ് സമരം സമാപിച്ചു

0

വിദ്യാഭ്യാസ അവകാശത്തിനായി ഗോത്രവിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഒരുമാസമായി നടത്തിവന്ന നില്‍പ്പ് സമരം സമാപിച്ചു. ജില്ലയില്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക്് ജില്ലയില്‍ തന്നെ ഉപരിപഠനത്തിന് സാഹചര്യമൊരുങ്ങിയ സാഹചര്യത്തിലാണ് ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ വിവിധ ഗോത്രസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം അവസാനിപ്പിച്ചത്. സര്‍വ്വജന സ്‌കൂളിനുമുന്നില്‍ അക്ഷരവിജയോല്‍സവവും, ഗോത്രപൂജയും നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം എന്ന മുദ്രാവാക്യമായി സെപറ്റംബര്‍ 28മുതലാണ് സുല്‍ത്താന്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ ഗോത്രസംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയിലെ ഗോത്രമേഖലയില്‍ നിന്നും വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് ജില്ലയില്‍തന്നെ സീറ്റുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 2009 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ വിജയിച്ചത്. എന്നാല്‍ 529 വിദ്യാര്‍ത്ഥികള്‍ക്കുള്ള സീറ്റ് സംവരണമാണ് ജില്ലയിലുള്ളത്. ബാക്കിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള അവസരം നഷ്ടപെടുമെന്ന സാഹചര്യത്തിലാണ് ഗോത്രവിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നില്‍പ്പ് സമരം ആരംഭിച്ചത്.

സമരത്തിന്റെ ഭാഗമായി 1825 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍തന്നെ പ്രവേശനം ലഭിക്കുകയും ചെയ്തു. ബാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ തുടരാനാണ് തീരുമാനം. വിജയിച്ച കുട്ടികളില്‍ 91ശതമാനം പേര്‍ക്കും സീറ്റ് ലഭ്യമായ സാഹചര്യത്തിലാണ് സമരം നിലവില്‍ അവസാനിപ്പിച്ചത്. ബിരുദതല വിദ്യാര്‍ത്ഥികളുടെ പഠന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 20മുതല്‍ സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റികളുടെ മുന്നിലും സമരം നടത്തുമെന്ന് ഗോത്രമഹാസഭ അധ്യക്ഷന്‍ ഗീതാനന്ദന്‍ പറഞ്ഞു. സമര സമാപനത്തോട് അനുബന്ധിച്ച് ബത്തേരി സര്‍വ്വജന സ്‌കൂളില്‍ മുന്നില്‍ അക്ഷര വിജയോല്‍സവവും, ഗോത്രപൂജയും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!