സംവരണം മുസ്ലീംലീഗിന് ഇരട്ടത്താപ്പ്: കെസിവൈഎം മാനന്തവാടി രൂപത

0

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെന്നും മതേതര പാര്‍ട്ടിയെന്നും അവകാശപ്പെടുമ്പോഴും ചില കാര്യങ്ങളില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന നയത്തില്‍ നിന്ന് മുസ്ലീംലീഗ് പിന്‍മാറണമെന്ന് കെ.സി.വൈ.എം.മാനന്തവാടി രൂപത അടിയന്തിര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മുന്നോക്കസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നത് എതിര്‍ക്കുകയും അതേസമയം ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളുടെ 80 ശതമാനവും ഒരു സമുദായം മാത്രം സ്വന്തമാക്കുന്നതിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്ന വിരുദ്ധനിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തിന് ഭൂഷണമല്ലാത്ത ഇത്തരം നിലപാടുകള്‍ ഒഴിവാക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം. ന്യൂനപക്ഷത്തില്‍ ഭൂരിപക്ഷം നില്‍ക്കുന്നവര്‍ മറ്റുള്ളവര്‍ക്കും കൂടി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതും അവരെ ചൂഷണം ചെയ്യുന്നതും ഇനിയും അംഗീകരിക്കാന്‍ ആവില്ല. സാമ്പത്തിക സംവരണ വിഭാഗത്തില്‍ മുസ്ലിംലീഗിന്റെ നിലപാടിനോടും മതസ്പര്‍ദ്ദ ഉണ്ടാകുന്ന വിധത്തിലുള്ള പ്രസ്താവനകളോടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഈ വിഷയത്തില്‍ മുസ്ലീംലീഗ് പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയണം. വോട്ട്ബാങ്ക് ലക്ഷ്യംവെച്ച് മതേതരത്വത്തിന്റെ മുഖംമൂടിയണിയുകയും അതേസമയം ഒരു സമുദായത്തിന് വേണ്ടി മാത്രം നിലപാടുകളെടുക്കുകയും ചെയ്യുന്നതിലൂടെ മറ്റ് സമുദായങ്ങളെ അവഹേളിക്കുകയും അവരുടെ അവകാശങ്ങളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന നയങ്ങള്‍ ഒഴിവാക്കണമെന്നും കെ.സി.വൈ.എം. മാനന്തവാടി രൂപത വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!