കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ഒക്ടോബര്‍ 27 ന്
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ സ്ഥാപിച്ച അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 27 ന് നടക്കും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന വീഡിയോ കോണ്‍ഫെറന്‍സിങ്ങിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പുതിയ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ അഭ്യസ്തവിദ്യരും തൊഴില്‍പരിജ്ഞാനമുള്ളവരുമായ യുവജനതയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവണ്‍മെന്റ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പദ്ധതിയാണ് അസാപ്. അസാപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കുന്ന മികവുറ്റതും നൂതനവുമായ തൊഴില്‍പരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍. സംസ്ഥാനത്തു വിഭാവനം ചെയ്യപ്പെട്ട പതിനാറു കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ഒന്‍പതെണ്ണം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇരുപത്തിഅയ്യായിരത്തിലധികം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് മാനന്തവാടി ഗവണ്‍മെന്റ് കോളേജിന് സമീപം ഈ സി.എസ്.പി. നിര്‍മ്മിച്ചിരിക്കുന്നത്.