ബത്തേരി ചുങ്കം മത്സ്യമാര്‍ക്കറ്റ് : പ്രതിസന്ധിയിലായി കച്ചവടക്കാര്‍
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ചുങ്കം ആധുനിക മത്സ്യമാര്‍ക്കറ്റ് പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തനം ആരംഭിക്കാത്തത് ഇവിടെയുള്ള കച്ചവടക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ടൗണില്‍ മറ്റിടങ്ങളില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനാല്‍ ആളുകള്‍ ഇവിടേക്ക് എത്താത്തതും കച്ചവടം കുറഞ്ഞതുമാണ് ആധുനിക മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ചുങ്കത്ത് ഫഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് പൂര്‍ണ്ണമായും തുറന്നുപ്രവര്‍ത്തിക്കാത്തതാണ് നിലവില്‍ ഇവിടെ കച്ചവടം ചെയ്യുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവില്‍ രണ്ട് പേരാണ് ഈ മാര്‍ക്കറ്റില്‍ മത്സ്യവില്‍പ്പന നടത്തുന്നത്. എന്നാല്‍ ഈ മാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്തിപ്പെടാത്തത് വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാസം 13000 രൂപ വാടകയ്ക്കാണ് മാര്‍ക്കറ്റില്‍ റൂമുകള്‍ എടുത്തിരിക്കുന്നത്.
പക്ഷേ കച്ചവടം കുറഞ്ഞതിനാല്‍ വാടക നല്‍കാനുള്ള തുകപോലും ലഭിക്കുന്നില്ലന്നാണ് പറയുന്നത്. അസംപ്ഷന്‍ ജംഗ്ഷനിലെയും, കോട്ടക്കുന്നിലെയും മത്സ്യ- മാംസ വ്യാപാരികളെ പൂര്‍ണ്ണമായും ചുങ്കം മാര്‍ക്കറ്റിലേക്ക് മാറ്റിയാല്‍ കച്ചവടം ഉണ്ടാവുമെന്നും ഇവര്‍ പറയുന്നു. മാര്‍ക്കറ്റിലേക്ക് ടൗണിലെ മാംസ വ്യാപാരികളെകൂടി ഉള്‍പ്പെടുത്തുന്നതിനായി 17 ലക്ഷം രൂപമുടക്കി 9 റൂമുകള്‍ വേറെയും ഈ കോമ്പൗണ്ടില്‍തന്നെ നഗരസഭ നിര്‍മ്മിച്ചിട്ടുണ്ട്.
പക്ഷേ വ്യാപാരികളെ ഇതുവരെ ഇങ്ങോട്ട് മാറ്റിയിട്ടില്ല. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് ഇതിനുകാരണം. അതേ സമയം വൈദ്യുതി കണക്ഷന്‍ എടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണന്നും കണക്ഷന്‍ ലഭിച്ചാലുടന്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും തുറക്കുമെന്നുമാണ് നഗരസഭ അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.