അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍; സംസ്ഥാന തല പ്രഖ്യാപനം നാളെ 

വയനാട് ജില്ലയില്‍ 33 പച്ചത്തുരുത്തുകള്‍

0

അതിജീവനത്തിന്റെ ജൈവ വൈവിധ്യങ്ങള്‍ എന്ന ലക്ഷ്യവുമായി ഹരിത കേരളം മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പൂര്‍ത്തീകരിച്ച ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രാകാശനം ചെയ്യും. തുടര്‍ന്ന്  ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഓരോ തദ്ദേശസ്ഥാപനത്തിനും ഹരിത കേരളം മിഷന്റെ അനുമോദന പത്രവും കൈമാറും. കല്‍പ്പറ്റ നഗരസഭയില്‍ നടക്കുന്ന പരിപാടിയില്‍ സി.കെ സശീന്ദ്രന്‍ എം.എല്‍.എ, തിരുനെല്ലി പഞ്ചായത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ അനുമോദന പത്രം കൈമാറും.

പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി മാറിയിരിക്കുകയാണ് വയനാട്. ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 18.66 ഏക്കറില്‍ 33 പച്ചത്തുരുത്തുകള്‍ ഇതിനോടകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളേെുയാ വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും ഉള്‍പ്പെടുത്തി മനുഷ്യ നിര്‍മ്മിത ചെറുവനങ്ങള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പരിപാലനവും ഉറപ്പ് വരുത്തുന്നു.

സംസ്ഥാന ഐ ടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റേയും സ്ഥാനം, വിസ്തൃതി, തൈകള്‍, ഇനം, എണ്ണം തുടങ്ങിയ വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സംസ്ഥാനത്ത് 590 തദ്ദേശസ്ഥാപനങ്ങളിലായി 454 ഏക്കര്‍ വിസ്തൃതിയില്‍ 1261 പച്ചത്തുരുത്തുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!