കല്‍പ്പറ്റ മുണ്ടേരി ഗവ:സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും

0

കല്‍പ്പറ്റ മുണ്ടേരി ഗവ:സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി എംഎസ്ഡിപിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന് വയനാട് എം പി രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പ് എംഎസ്ഡിപിയില്‍ ഉള്‍പ്പെടുത്തി 2017-18 വര്‍ഷത്തില്‍ അനുവദിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്ത് ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. മുന്‍ വയനാട് എംപി ഷാനവാസിന്റെ ശ്രമഫലമായാണ് കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന മുണ്ടേരി സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അഞ്ച് കോടി രൂപയുടെ കെട്ടിടം അവസാനഘട്ടത്തിലാണ്. ഈ കെട്ടിടം കൂടി പൂര്‍ത്തീയാക്കുന്നതോടെ ജിവിഎച്ച്എസ് കല്‍പ്പറ്റയില്‍ അന്താരാഷ്ട്ര നിലവാരത്തോടെയുള്ള ഭൗതികസാഹചര്യങ്ങളാണ് മുണ്ടേരി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉണ്ടാകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

1929 ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഭാഗങ്ങളിലായി 1400 കുട്ടികളാണ് പഠിക്കുന്നത്. 2010 ആരംഭിച്ച ഹയര്‍സെക്കന്‍ഡറി വിഭാഗം നാളിതുവരെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും വിട്ടുകിട്ടിയ ക്ലാസ് മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്.

കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ സി കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍ പി പി ആലി, പ്രിന്‍സിപ്പല്‍ പി ടി സജീവന്‍ , ഹെഡ്മാസ്റ്റര്‍ സുജിത്ത് എന്‍, പിടിഎ വൈസ് പ്രസിഡന്റ് സലീം കാരാടന്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ എം എ, പബ്ലിസിറ്റി കണ്‍വീനര്‍ ഗോപിനാഥന്‍ വി, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!