സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗമൊരുക്കുക എന്ന ലക്ഷ്യത്തോടെ ടൈലറിംഗ് യൂണിറ്റുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയും കുടുംബശ്രീയും. വിശ്വകല എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തില്‍ 50പേര്‍ക്ക് വീതം പരിശീലനം നല്‍കാനാണ് ലക്ഷ്യം.
സുല്‍ത്താന്‍ ബത്തേരി നഗരസഭ 15 ലക്ഷം രൂപയും കുടുംബശ്രീ 2 ലക്ഷം രൂപയും ചെലവഴിച്ചാണ് നഗരസഭയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി വിശ്വകല എന്ന പേരില്‍ ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് വരുമാനമാര്‍ഗ്ഗം ഒരുക്കിനല്‍കുക എന്ന ലക്ഷ്യത്തോടൊയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി 50പേര്‍ക്ക് വീതം പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 25 ഹൈസ്പീഡ് മെഷീനുകളും 2 ഇന്റര്‍ലോക്ക് മെഷിനുമുള്‍പ്പടെ 62 മെഷിനുകളാണ് യൂണിറ്റില്‍ ഉള്ളത്. കൂടാതെ ടീച്ചര്‍മാരെ അടക്കം നിയമിച്ചുകഴിഞ്ഞു. യൂണിറ്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി അഡ്മിനിസ്ട്രേറ്റീവറെ കൂടി നിയമിക്കും. നിലവില്‍ ഇവര്‍ തയിച്ച വസ്ത്രങ്ങള്‍ യൂണിറ്റില്‍ തന്നെ വില്‍പ്പനയുംനടത്തുകയും ചെയ്യും. സുല്‍ത്താന്‍ ബത്തേരി പഴയബസ്റ്റാന്റ് കെട്ടിടത്തില്‍ ആരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ ജിഷാഷാജി നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. കെ സുമതി അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സി. കെ സഹദേവന്‍, ബാബു അബ്ദുറഹിമാന്‍, എല്‍സി പൗലോസ്, സെക്രട്ടറി എന്‍ കെ അലിഅസ്ഹര്‍, നീതു, ബിന്ദുപ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.