വിഷംഅകത്തുചെന്ന് മരിച്ച തമിഴ്നാട് സ്വദേശിക്ക് പോസിറ്റീവ് , മൃതദേഹം സംസ്‌കരിച്ചത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍

0

മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ ആളില്ല. ഒടുവില്‍ സഹായവുമായെത്തിയത് സുല്‍ത്താന്‍ ബത്തേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍.തമിഴ്‌നാട് അയ്യന്‍കൊല്ലി സ്വദേശിയായ നിധീഷ് (27)ന്റെ മൃതദേഹമാണ് ആരും ഏറ്റെടുക്കാനില്ലാതായതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരായ നാസറും, സജീറും  സംസ്‌കരിച്ചത്.

കഴിഞ്ഞദിവസം ബത്തേരിയിലാണ് സംഭവം നടന്നത്. അയ്യംകൊല്ലി സ്വദേശിയായ നിധീഷിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷം അകത്ത് ചെന്ന നിലയില്‍  അച്ചനും അമ്മയും സഹോദരനും ചേര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചു. തുടര്‍ന്ന്  നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്നും കണ്ടെത്തി. ഇതോടെ നിധീഷിനെ കൊണ്ടുവന്നവര്‍ നിരീക്ഷണത്തിലുമായി. കൊവിഡാണെന്ന് അറിഞ്ഞതോടെ മൃതദേഹം ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞത്രേ. ആശുപത്രി അധികൃതര്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ഈ വിവരമറിഞ്ഞാണ് സുല്‍ത്താന്‍ ബത്തേരിയിലെ മെസ്റ്റിന്റെ ആംബുലന്‍സ് ഡ്രൈവര്‍മാരായ നാസര്‍ കാപ്പാടനും സജീര്‍ ബീനാച്ചിയും ആശുപത്രിയിലെത്തിയത്. ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണന്ന് കണ്ടതോടെ ഇവര്‍ സഹായിക്കാന്‍ തയ്യാറായി രംഗത്ത് വന്നു. തുടര്‍ന്ന് മൃതദേഹം അണുവിമുക്തമാക്കി മാനദണ്ഡപ്രകാരം ആംബുലന്‍സില്‍ കയറ്റി സ്വദേശമായ അയ്യംകൊല്ലിയില്‍ മൃതദേഹം എത്തിക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഇരുവരും ചേര്‍ന്ന് മറവ് ചെയ്യുകയായിരുന്നു. അസുഖത്തിന്റെ പേരില്‍ മൃതദേഹം പോലും ആചാരപ്രകാരം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ പോലും തയ്യാറാവാത്ത കാലത്ത് ഈ ഡ്രൈവര്‍മാര്‍ മനുഷ്യനന്മയുടെ  വലിയസന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!