സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യനിക്ഷേപം: പ്രതിഷേധം പുകയുന്നു
സുല്‍ത്താന്‍ ബത്തേരി ബൈപ്പാസിനോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതില്‍ പ്രതിഷേധം പുകയുന്നു. തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യമടക്കമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. നിയമം ലംഘിക്കപ്പെട്ടുവെന്ന് പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനബൈപ്പാസിനോട് ചേര്‍ന്ന് മാലിന്യം തള്ളിയതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ബൈപ്പാസ് ആരംഭിക്കുന്ന ഗാന്ധിജംഗ്ഷന്‍ ഭാഗത്താണ് ലോഡ് കണക്കിന് മാലിന്യം തള്ളിയിരിക്കുന്നത്. ബൈപ്പാസിനോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളിയിട്ടുള്ളത്.ഈ സ്ഥലം തണ്ണീര്‍ത്തട നിയമമനുസരിച്ച് നികത്താനോ മാലിന്യങ്ങള്‍ നിക്ഷേപിക്കാനോ പാടില്ലാത്ത സ്ഥലം കൂടിയാണ്.
ഇവിടെയാണ് പച്ചയായ നിയമലംഘനം നടത്തി പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളിയിരിക്കുന്നത്. മാലിന്യം തള്ളി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കേണ്ട നഗരസഭയോ,കൃഷിവകുപ്പോ നടപടിയെടുത്തിട്ടില്ലെന്നുമാണ് ആക്ഷേപം ഉയരുന്നത്. അതേ സമയം സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മാലിന്യം പ്രദേശത്തുനിന്നും നീക്കം ചെയ്യാന്‍ സ്ഥലമുടമയോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അല്ലാത്തപക്ഷം തിങ്കളാഴ്ച മേലധികാരികള്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.