ജപ്തി ഭീഷണി സര്‍ക്കാര്‍ ഇടപെടല്‍ വേണം ജില്ലാ വികസന സമിതി

0

 

മൊറട്ടോറിയം കാലാവധി തീര്‍ന്നതോടെ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ നേരിടുന്ന ജപ്തി ഭീഷണി ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് ജില്ലാ വികസന സമിതി. ജില്ലയിലെ നാലായിരത്തോളം കര്‍ഷകര്‍ക്കാണ് തിരിച്ചടവ് മുടങ്ങിയത് മൂലം ബാങ്കുകള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. പരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.

വേനല്‍ കടുക്കുന്നതോടെ വരള്‍ച്ച സാധ്യതയുളള മേഖലകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് വികസന സമിതി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജല സ്രോതസുകളിലെ ചെക്ക് ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന കുഴല്‍ കിണര്‍ നിര്‍മ്മാണ പ്രൊജക്ടുകളുടെ അനുമതി അപേക്ഷകളില്‍ 2021 നവംബര്‍ മുതല്‍ ഫെബ്രുവരി വരെ 268 അപേക്ഷകള്‍ പൂര്‍ത്തിയാക്കിയതായി ഭൂജല വകുപ്പ് ജില്ലാ മേധാവി അറിയിച്ചു. കുറുക്കന്‍മൂലയിലും സമീപ പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ട 14 പേര്‍ക്കുളള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് യോഗം വയനാട് ഡി.എഫ്.ഒ യോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് ടിപ്പര്‍ ലോറികള്‍ ഓടുന്നതുമായി ബന്ധപ്പെട്ട് നിയമപ്രകാരമുളള സമയക്രമം ഉറപ്പാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അടിയന്തര ഇടപെടുകള്‍ വേണമെന്നും നിര്‍ദ്ദേശിച്ചു.

പദ്ധതി പുരോഗതി അമ്പത് ശതമാനത്തില്‍ കുറവുളള വകുപ്പുകള്‍ നിര്‍വ്വഹണ പുരോഗതി ത്വരിതപ്പെടുത്തണമെന്ന് വികസന സമിതി നിര്‍ദ്ദേശിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ മുഴുവന്‍ വകുപ്പുകളും പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!