ഹോം ഐസൊലേഷനില്‍ കുടുംബത്തിന് രോഗമുക്തി

0

ജില്ലയില്‍ ആദ്യമായി ഹോം ഐസൊലേഷനില്‍ കോവിഡ് ചികിത്സനടത്തിയ കുടുംബത്തിന് രോഗമുക്തി. പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ അഞ്ചംഗകുടുംബമാണ് പൂര്‍ണ്ണരോഗമുക്തി നേടിയത്.കോവിഡ് പോസിറ്റീവ് കണ്ടെത്തി എട്ട് ദിവസത്തെ ചികിത്സയിലൂടെയാണ് രോഗം ഭേദമായത്.

കുപ്പാടിത്തറ വൈശ്യന്‍ അസീസിനും ഭാര്യക്കും മക്കള്‍ക്കും ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത് ഈ മാസം 14 നായിരുന്നു.ഉറവിടമറിയാതെ പിടിപെട്ട രോഗത്തെ തുടര്‍ന്ന് അഞ്ചുപേരെയും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ് പടിഞ്ഞാറത്തറ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം പി കിശോര്‍കുമാര്‍ കുടംബത്തിന് മുമ്പില്‍ ഹോംഐസൊലേഷന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.രോഗം പിടിപെട്ട അഞ്ച്പേര്‍ക്കും വീട്ടില്‍ വെച്ച് തന്നെ ചികിത്സനല്‍കാന്‍ ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നിര്‍ദ്ദേശവും പിന്തുണയും ഉറപ്പായതോടെയാണ് ജില്ലയിലാദ്യമായി ഈരീതിയിലുള്ള ചികിത്സക്ക് കുടംബം സന്നദ്ധമായത്.തുടര്‍ന്ന് ഗ്രാമപഞ്ചായത്തും അയല്‍ക്കാരും കുടുംബത്തിന് ഭക്ഷണമുള്‍പ്പെടെ ആവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ 24 മണിക്കൂറും കുടുംബത്തിന് മരുന്നുകളെത്തിക്കുന്നതിലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ജാഗ്രതപാലിച്ചു.എട്ട് ദിവസത്തെ ചികിത്സക്ക് ശേഷം നടത്തിയ പരിശോധനയില്‍ മുഴുവന്‍ പേരും കോവിഡ് നെഗറ്റീവ് ആവുകയായിരുന്നു.രോഗവിമുക്തി നേടിയ കുടുംബത്തിന് ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ,ഡോ.കിശോര്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ലഡുവിതരണം ചെയ്ത് സന്തോഷത്തില്‍ പങ്കുചേര്‍ന്നു.ഇതോടെ 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പടിഞ്ഞാറത്തറയില്‍ നാല് പേരൊഴികെ മുഴുവന്‍ രോഗികളും രോഗവിമുക്തരായി.

Leave A Reply

Your email address will not be published.

error: Content is protected !!