വാളാട് ക്ലസ്റ്റര്‍ രോഗമുക്തമായി: ഡി.എം.ഒ

0

ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാളാട് ക്ലസ്റ്റര്‍ പൂര്‍ണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗന്‍വാടി പ്രവര്‍ത്തകരുടെയും ദ്രുതകര്‍മ്മ സേന പ്രവര്‍ത്തകരുടേയും സംയുക്തമായ പ്രവര്‍ത്തന ഫലമായാണ് ഈ ലക്ഷ്യം കൈവരിച്ചത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളില്‍നിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.രോഗപ്പകര്‍ച്ച തടയുന്നതിന് ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഏതെങ്കിലും രോഗത്തിന് ചികിത്സയില്‍ ഉള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവരില്‍ നിന്നും രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം, കൈകള്‍ ഇടയ്ക്കിടെ സോപ്പ് / സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം, മാസ്‌ക് വായും മൂക്കും മറയത്തക്ക വിധത്തില്‍ ധരിക്കണം.നിലവിലെ സാഹചര്യത്തില്‍ രോഗം ആരില്‍നിന്നും പകരാം അതുകൊണ്ട് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!