ജില്ലയില്‍ കോവിഡ് വ്യാപനവും മഴയും ശക്തമായതോടെ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലാപഞ്ചായത്ത്

0

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെ   കാലവര്‍ഷം കനക്കുന്നതും ജില്ലയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധവും, പ്രളയത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട്  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം  ദ്രുതഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്  ജില്ലാ പഞ്ചായത്ത്  കൈക്കൊണ്ടിട്ടുള്ളത്.  പ്രളയത്തിനു  മുന്നോടിയായി പുഴകളുടെയും തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കാന്‍ എക്കല്‍  നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാ പഞ്ചായത്തിലും  പൂര്‍ത്തിയാക്കി കഴിഞ്ഞു.   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയത്തിന്റെ ഭാഗമായുള്ള  ക്യാമ്പുകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ പഞ്ചായത്തിലും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പ്രളയം നേരിടാന്‍ ഇത്തവണ നാലുതരം ക്യാമ്പുകളാകും നടത്തുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ക്യാമ്പ്, 60 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പ്രത്യേക ക്യാമ്പ്,  ക്വാറന്റെയ്‌നിലുള്ളവര്‍ക്കുള്ള ക്യാമ്പ്, കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കുള്ള ക്യാമ്പ് എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
കോവിഡ് പ്രാഥമിക ചികില്‍സ കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തിലും തയ്യാറായി വരുന്നുണ്ട്. നിലവില്‍ 2758 കിടക്കകളും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുളള അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് ഏഴോട് കൂടി കിടക്കകളുടെ എണ്ണം 6054 ആയി ഉയരും. എല്ലാ പഞ്ചായത്തുകളിലും  ഹോമിയോ, ആയുര്‍വേദിക് പ്രതിരോധ മരുന്നുകളും  നല്‍കുന്നുണ്ട്.  പഞ്ചായത്ത് നല്‍കുന്ന  നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും,  എന്നാല്‍ മാത്രമേ കോവിഡ് മഹാമാരിയെ തടയാനാവൂ എന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!