വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് കൊടിയിറക്കം
ചരിത്രത്തില്‍ ഇടം നേടി മാനന്തവാടി വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ അവസാന ചടങ്ങായ കൊടിയിറക്കം നടന്നു.കൊറോണ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായപ്പോള്‍ കൊടിയിറക്കലും ചടങ്ങിലൊതുങ്ങി.കാവിലെ ഇത്തവണത്തെ ഉത്സവം ചടങ്ങില്‍ മാത്രമൊതുങ്ങിയപ്പോള്‍ അത് ചരിത്ര താളുകളില്‍ ഇടം നേടുന്നതുമായി. ഇതുവരെ കാവിലെ ഉത്സവം വയനാടിന്റെ ദേശീയോത്സവമായി നാടും നഗരവും കൊണ്ടാടിയപ്പോള്‍ ഇത്തവണ അത് ചടങ്ങുകളില്‍ മാത്രമൊതുങ്ങി.സാധാരണ ക്ഷേത്ര ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായി കാവില്‍ ഉത്സവം തുടങ്ങി ഏഴാം നാളാണ് കൊടിയേറ്റുക അതും കോളനി മൂപ്പന്‍.വൃതാനുഷ്ഠാനങ്ങളോടെ കൊടിയേറ്റത്തിന്റെ അന്ന് ചില്ലകളോട് കൂടിയ മുള വെട്ടി കൊണ്ട് വന്ന് ആചാരനുഷ്ഠാനങ്ങളോടെ ഉത്സവം തുടങ്ങി ഏഴാം ദിവസം ആദിവാസി മൂപ്പന്‍ രാഘവന്‍ കൊടിയേറ്റും ഉത്സവം കഴിഞ്ഞ് ഏഴാം നാള്‍ കൊടിയിറക്കുന്നതും രാഘവന്‍ മൂപ്പന്‍ തന്നെ.പണിയ സമുദായത്തിലെ മൂപ്പന്‍ കൊടിയേറ്റുകയും ഇറക്കുകയും ചെയ്യുമ്പോള്‍ കുറിച്ചൃ സമുദായത്തില്‍ പെട്ടവര്‍ ആചാരവെടികള്‍ മുഴക്കുകയുമാണ് പതിവ്. അതു കൊണ്ട് തന്നെയാണ് കാവിലെ ഉത്സവം വയനാടിന്റെ ഗോത്രവര്‍ഗ്ഗകാരുടെ ഉത്സവമെന്ന് അറിയപ്പെടുന്നതും. വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ കൊടിയിറക്കം നടന്നതോടുകൂടി എക്കാലത്തും ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ ചേര്‍ക്കപ്പെട്ടതായിരിക്കും 2020ലെ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം.