ഗുണ്ടാസംഘം വീടാക്രമിച്ചു
സുപ്രിം കോടതിയില്‍ നിന്നനുകൂലമായ വിധിയുണ്ടായിട്ടും മധ്യസ്ഥ റോളില്‍ ചില തല്‍പരകക്ഷികള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും നിരന്തരം ഭീഷണി പ്പെടുത്തുകയും വീട്ടില്‍ കയറി സ്ത്രീകളെയുള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തതായി താഴെ കരണി പടിക്കപ്പുര കെ.ജെ സുബ്ബരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് താഴെ കരണിയിലെ വീട്ടില്‍ കണ്ടാലറിയാവുന്ന നാലംഗ മദ്യപ ഗുണ്ടാസംഘം അക്രമങ്ങള്‍ നടത്തിയത്. മദ്യകുപ്പികളും കല്ലുകളും ഉപയോഗിച്ച് വീടിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ക്കുകയും ഭാര്യയും ഭാര്യാപിതാവും മാതാവും ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ അയല്‍വാസിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവരൊക്കെ ഇപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 35 വര്‍ഷമായി ജ്യേഷ്ടാനുജന്മാര്‍ തമ്മില്‍ നിലനിന്നിരുന്ന കുടുംബസ്വത്ത് തര്‍ക്കം ഏതാണ്ട് 2 വര്‍ഷം മുമ്പാണ് സുപ്രിം കോടതി തീര്‍പ്പാക്കിയത്. പക്ഷേ അതനുസരിച്ച് വിഹിതം ചെയ്യാന്‍ അനുവദിക്കാതെ മധ്യസ്ഥ ശ്രമം എന്ന നിലയില്‍ സമീപിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തിയും സ്ത്രീകളുള്‍പ്പെടെയുള്ളവരെ അധിക്ഷേപിച്ചും വധശ്രമം നടത്തിയും കഴിഞ്ഞ 2 വര്‍ഷമായി ജീവിക്കാനനുവദിക്കുന്നില്ലെന്ന് സുബ്ബരാജന്‍ പറഞ്ഞു. അക്രമം നടത്തി 24 മണിക്കൂറായിട്ടും മീനങ്ങാടി പോലീസിന്റെ ഭാഗത്ത് നിന്നും അന്വേഷണങ്ങളോ തെളിവെടുപ്പോ ഉണ്ടായിട്ടില്ലെന്നും സുബ്ബരാജന്‍ കുറ്റപ്പെടുത്തി. അതിനാല്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനല്‍കിയിരിക്കുകയാണ്. ആതുര സേവന രംഗത്ത് നിസ്സീമമായി പ്രവര്‍ത്തിക്കുന്ന പനമരം ശ്രീസത്യ സായി സേവാ സമിതിയുടെ കണ്‍വീനര്‍ കൂടിയായ സുബ്ബരാജനും കുടുംബത്തിനും അര്‍ഹതപ്പെട്ട സ്വത്ത് ലഭിക്കുന്നതോടൊപ്പം നിര്‍ഭയമായി ജീവിക്കാനുള്ള സൗകര്യം കൂടി ചെയ്യണമെന്നതാണ് ആവശ്യം.