സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിക്കാന്‍ശ്രമം; ടെക്നീഷ്യന് മൊബൈലില്‍ സന്ദേശം എത്തിയതോടെ മോഷണ ശ്രമം പാളി മോഷ്ടാക്കള്‍, നാട്ടുകാര്‍ എത്തിയതോടെ ബാറ്ററികള്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് പിടിയില്‍.
കഴിഞ്ഞദിവസം മാടക്കരയിലെ ഇന്‍ഡസ് കമ്പനി നടത്തുന്ന മൊബൈല്‍ ടവറിന്റെ ബാക്കപ്പ് ബാറ്ററികളാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്. ടവറിന് സമീപത്തെ ഷെല്‍ട്ടറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള 24 ബാറ്ററികളാണ് മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ ഷെല്‍ട്ടര്‍ പൊളിച്ചതോടെ ഇവിടെനിന്നുള്ള അപായസന്ദേശം ടെക്നീഷ്യന് മൊബൈലില്‍ ലഭിച്ചു. ഇതോടെ സ്ഥലത്തെത്തിയ ടെക്നീഷ്യനും വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. പക്ഷേ അപ്പോഴേക്കും ബാറ്ററികള്‍ അഴിച്ച് പുറത്തെത്തിച്ച കള്ളന്‍മാര്‍ രണ്ട് ബാറ്ററികള്‍ അവര്‍ എത്തിയ വാഹനത്തിലും കയറ്റിയിരുന്നു. ആളുകള്‍ എത്തിയതോടെ ബാക്കിവരുന്ന ബാറ്ററികള്‍ ഉപേക്ഷിച്ച് വാഹനവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബത്തേരി പൊലീസ് തമിഴ്നാട് അതിര്‍ത്തിയില്‍ പിടികൂടിയിട്ടുണ്ട്. ജില്ലയില്‍ അടുത്തിടെയായി മൊബൈല്‍ ടവര്‍ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവായിട്ടുണ്ട്.