സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എഫ്.സി.സിയുടെ കത്ത്
സഭയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്നും പോലീസ് പരാതികള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എഫ്.സി.സിയുടെ കത്ത്. എഫ്.സി.സി. സന്ന്യാസിനീ സഭയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരേ സിസ്റ്റര്‍ ലൂസി വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്നു പുറത്ത് പോവുകയോ സഭയ്ക്ക് എതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയുകയോ വേണമെന്നും അത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇ-മെയില്‍ വഴിയാണ് കത്ത് കിട്ടിയതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയതിനെതിരേ നല്‍കിയ അപ്പീല്‍ തള്ളിയതായി അറിയിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള കത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സിസ്റ്റര്‍ ലൂസിക്ക് കിട്ടിയത്. ഇതിന് പിന്നാലെയാണ് നേതൃത്വവും കത്തയച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസി സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കാണിച്ചാണ് വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘം അപ്പീല്‍ തള്ളിയത്. ഇതിനെതിരേ പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനാണ് സിസ്റ്റര്‍ ലൂസിയുടെ തീരുമാനം. സഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് സിസ്റ്റര്‍ ലൂസിയെ സന്യാസിനീ സഭയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സഭയുടെവാദം.