നഗരത്തില്‍ ഇനി നിരീക്ഷണ കണ്ണുകള്‍

0

കൈനാട്ടി മുതല്‍ കല്‍പ്പറ്റ ട്രാഫിക്ക് ജംങ്ഷന്‍ വരെയുളള നഗരഭാഗങ്ങള്‍ നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ നടന്ന ആലോചനയോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഈ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേയും ബാങ്കുകളിലേയും സി.സി.ടി.വി ക്യാമറകള്‍ പ്രയോജനപ്പെടുത്തും. ഇവിടങ്ങളില്‍ പതിയുന്ന ദൃശ്യങ്ങള്‍ പോലീസിന് നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സജ്ജീകരിക്കും. ഇതിനായി പോലീസ് ശാസ്തീയമായ പ്രോജക്ട് രണ്ടാഴ്ച്ചക്കകം തയ്യാറാക്കും. എം.പി, എം.എല്‍.എ ഫണ്ടുകള്‍,കല്‍പ്പറ്റ മുന്‍സിപാലിറ്റി ഫണ്ടുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും. വ്യാപാരി വ്യവസായികളുടേയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുക. ടൗണിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി റോഡരികിലെ അനാവശ്യ ഇലക്ട്രിക്,ടെലിഫോണ്‍ പോസ്റ്റുകള്‍ നീക്കം ചെയ്യും. അനധികൃത ബോര്‍ഡുകള്‍ ,പരസ്യങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യും. ചരക്ക് വാഹനങ്ങള്‍ ,ഓട്ടോ പാര്‍ക്കിങ്ങ് തുടങ്ങിയ വിഷയങ്ങള്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്താനാണ് തീരുമാനം.കൈനാട്ടി ജനറല്‍ ആസ്പത്രിക്ക് സമീപം ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ചരക്ക് ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ ബൈപ്പാസ് വഴി മാത്രമാണ് ഇനി കടത്തി വിടുക. രാവിലെയും വൈകീട്ടും നഗരത്തില്‍ ഗതാഗതകുരുക്ക് നേരിടുന്നതിനാല്‍ ഈ സമയങ്ങളില്‍ വാഹനനിയന്ത്രണം ശക്തമാക്കും. നിലവില്‍ ബൈപ്പാസിനെ ഒഴിവാക്കി ഒട്ടനവധി വലിയ വാഹനങ്ങള്‍ നഗര പാതയിലൂടെ പോകുന്നതിന് ഇതോടെ നിയന്ത്രണമാകും. ബസ്സുകള്‍ ടൗണിലെ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. തോന്നിയതുപോലെ നിര്‍ത്തുന്നത് ടൗണില്‍ ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി ആലി,എ.എസ്.പി ചൈത്ര തെരേസ് ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!