പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നിലമ്പൂര്‍ ഭാഗത്തേക്കും വ്യാപിപ്പിക്കും. എന്‍ഡിആര്‍എഫ്, അഗ്നിശമനസേന,പോലീസ്,നാട്ടുകാര്‍ എന്നിവരുള്‍പ്പെട്ട 25 അംഗ സംഘം പരപ്പന്‍പാറയില്‍ നിന്ന് കാലത്ത് 8 മണിക്ക് തെരച്ചില്‍ തുടങ്ങി. നിലമ്പൂര്‍ മുണ്ടേരി വരെയാണ് ട്രക്കിംഗ് .
ട്രക്കിംഗ് സംഘത്തെ വൈകീട്ട് വാഹനത്തില്‍ തിരിച്ചു കൊണ്ടുവരും. പുത്തുമല ദുരന്തത്തില്‍ മരിച്ച 2 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണ് കണ്ടു കിട്ടിയത്. അതിശക്തമായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും ആരെങ്കിലും സൂചിപ്പാറക്കും താഴേക്കു ഒഴുകിപ്പോയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പരപ്പന്‍ പാറയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് ട്രക്കിംഗ് നടത്തുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം ഒഴുകിച്ചേരുന്നത് പരപ്പന്‍ പാറ പുഴയിലാണ്. കാണാതായവരെ കണ്ടെത്താനുള്ള അവസാന പദ്ധതിയെന്ന നിലയ്ക്കാണ് മലവെള്ളപ്പാച്ചിലിന്റെ ദിശയില്‍ തെരച്ചില്‍ നടത്തുന്നത്.