സംസ്ഥാനത്ത് കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. വാരാന്ത്യ ലോക് ഡൗണ്‍ തുടരാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍ നിരക്ക് അനുസരിച്ചുള്ള മാനദണ്ഡങ്ങളില്‍ മാറ്റമില്ല. ടിപിആര്‍ നിരക്ക് 15 ന് മുകളിലുള്ള തദ്ദേശ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍.
ബക്രീദ് ഇളവുകള്‍ ഇന്ന് അവസാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്നതും ബക്രീദിനോടനുബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കിയതിനെ സുപ്രിം കോടതി വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി
പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് അനുവദിച്ചത്. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമാണെന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യവസായിയായ ന്യൂഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കടകള്‍ എല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.