പോകാനിടമില്ല സ്‌കൂള്‍ അധികൃതരും അന്തേവാസികളും തമ്മില്‍ തര്‍ക്കം
കണിയാമ്പറ്റ ഗവ.യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് അന്തേവാസികള്‍ ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചു.സ്‌കൂളധികൃതരും അന്തേവാസികളും തമ്മില്‍ തര്‍ക്കം.നാളെ സര്‍വകക്ഷി യോഗവും ബോര്‍ഡ് യോഗവും ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍.ദുരിതാശ്വാസ ക്യാമ്പും ക്ലാസും ഒരുമിച്ചു കൊണ്ടുപോകാന്‍ ബാത്ത് റൂം,ടോയ്‌ലറ്റ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പ്രശ്‌നമായത്. കണിയാമ്പറ്റ പഞ്ചായത്തിലെ ചിറ്റൂര്‍ കോളനിയിലെ കൊല്ലിവയല്‍ പ്രദേശത്തെയും, ഓണിവയല്‍ കോളനിയിലെ 40ഓളം പേരാണ് സ്‌കൂളില്‍ കഴിഞ്ഞിരുന്നത്. പ്രളയത്തില്‍ ഇവരുടെ വീടുകള്‍ നശിച്ചെന്നും ചില വീടുകള്‍ താമസയോഗ്യമല്ലാതായെന്നും ക്യാമ്പ് നിവാസികള്‍ പറഞ്ഞു. ക്യാമ്പ് പിരിച്ചു വിടാന്‍ കളക്ടര്‍ ഉത്തരവു നല്‍കിയിട്ടെണ്ടെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു. 826 കുട്ടികളും 40 അധ്യാപകരുമുള്ള സ്‌കൂളില്‍ 26 ാം തീയതി പരീക്ഷകള്‍ ആരംഭിക്കുകയാണ്. ഇനി പഠിപ്പു മുടക്കാന്‍ കഴിയില്ലെന്നാണ് പ്രധാനാധ്യപിക പറയുന്നത്. സ്‌കൂള്‍ ക്യാമ്പായി പ്രവര്‍ത്തിച്ചതു കാരണം സ്‌കൂളന്തരീക്ഷം വൃത്തിഹീനമായെന്ന് അധ്യാപികമാര്‍ പരാതിപ്പെട്ടു. പഞാചായത്ത് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ക്യാമ്പില്‍ നിന്ന് മാറാന്‍ അന്തേവാസികള്‍ തയ്യാറായിട്ടുണ്ട്. ഒരു കുടുംബത്തെ പഞ്ചായത്തിലെ പകല്‍ വീട്ടിലേക്കും കുരേപ്പേരെ കരണി വൃദ്ധസദനത്തിലും ഓണിവയല്‍ കോളനിക്കാരെ സ്വന്തം വീടുകളിലേക്കും മാറ്റാനാണ് തീരുമാനം