തമിഴ് യുവതിയെ മര്‍ദ്ദിച്ച സംഭവം പ്രതി സജീവാനന്ദന്‍ പിടിയില്‍

0

അമ്പലവയല്‍ മര്‍ദ്ദന കേസിലെ മുഖ്യപ്രതി ടിപ്പര്‍ ഡ്രൈവര്‍ പായിക്കൊല്ലി സ്വദേശി സജീവാനന്ദന്‍ ഒടുവില്‍ അറസ്റ്റിലായി.പ്രതി ഒളിവിലായിരുന്ന പ്രതിയെ കര്‍ണ്ണാടകയിലെ മധൂറില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മര്‍ദന സംഭവം വിവാദമായതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലേക്ക് കടന്ന സജീവാനന്ദന്‍ മധൂറില്‍ മലയാളികളുടെ കൃഷിയിടത്തില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം തുടരുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദനും ലോഡ്ജ് നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി വിജയകുമാറും ഉള്‍പ്പെടെ മൂന്ന് പേര്‍ ഇവരുടെ മുറിയിലേക്ക് അതിക്രമച്ച് കയറുകയും അപമര്യാദയായി പെറുമാറുകയും ചെയ്തിരുന്നു.ബഹളമായതോടെ ലോഡ്ജ് ജീവനക്കാര്‍ യുവതിയേയും യുവാവിനേയും ഇറക്കിവിടുകയുമായിരുന്നു.ഇവരെ പിന്തുടര്‍ന്ന് സജീവാനന്ദന്‍ കവലയില്‍ വെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇരയായ യുവതി നല്‍കിയ മൊഴി.മെയ് 21ന് ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് സജീവാനന്ദന്‍ യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദിച്ചത്. പരാതിയില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് ഇരകളേയും പ്രതിയേയും അന്ന് പോലീസ് വിട്ടയച്ചിരുന്നു.എന്നാല്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരികയായിരുന്നു.ഇതോടെ പ്രതിഷേധങ്ങളും ഉടലെടുത്തു.ആദ്യഘട്ടത്തില്‍ കേസെടുക്കാതിരുന്ന പോലീസ് സിപിഎം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ സംഭവം വിവാദമായതോടെ പായിക്കൊല്ലി സ്വദേശിയായ സജീവാനന്ദന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ എസ്ഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയും ലോഡ്ജ് നടത്തിപ്പുകാരന്‍ വിജയകുമാര്‍, പ്രദേശവാസിയായ റോയ് ജേക്കബ്ബ് എന്നിവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു.ഇതില്‍ വിജയകുമാരിനെ കഴിഞ്ഞ മാസം 31ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം റോയ് ജേക്കബ്ബിനെ പിടികൂടാനായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!