കാപ്പിസെറ്റ് കന്നാരംപുഴയില്‍ നിധിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതി പുളിക്കല്‍ ചാര്‍ലിയെ പോലീസ് പിടികൂടി. ഉച്ചതിരിഞ്ഞ് 2.30 ഓടെ ചീയമ്പം 73 വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് പുല്‍പ്പള്ളി സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
വെള്ളിയാഴ്ച്ച രാത്രി നിധിനെ വെടിവെച്ചു കൊന്ന ശേഷം കാട്ടിനുള്ളിലേക്ക് ഒളിച്ചോടിയ ചാര്‍ലിക്കു വേണ്ടി പോലീസ് വ്യാപക പരിശോധന നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് ചീയമ്പം 73 കാട്ടില്‍ നിന്ന് അവശനിലയില്‍ ചാര്‍ലിയെ പോലീസ് കണ്ടെത്തിയത്. അവശനിലയിലായിരുന്ന പ്രതിയുടെ വൈദ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ഉള്‍പ്പടെ നടപടി ക്രമങ്ങള്‍ ചികിത്സയ്ക്ക് ശേഷമാണുണ്ടാവുക. നിധിന്റെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി പ്രതിയെ പിടികൂടാന്‍ പോലീസ് തീവ്ര ശ്രമം ആരംഭിച്ചിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും ചാര്‍ലിക്കു വേണ്ടി അന്വേഷണം വ്യാപിച്ചിരുന്നു. ചാര്‍ലി കീഴടങ്ങിയേക്കുമെന്നതടക്കം ഏറെ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിനിടെയാണ് ഇന്ന് 3 മണിയോടെ ചാര്‍ലി പോലീസ് വലയിലായതായി വിവരം ലഭിച്ചത്.