ലക്കിടിയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ലക്ഷം വീട് കോളനി നിവാസികള്‍ക്ക് ഇതുവര പുനരധിവാസ പദ്ധതി നടപ്പാക്കിയില്ല. 23 കുടുംബങ്ങളാണ് ആശങ്കയില്‍ കഴിയുന്നത്. പുനരധിവാസത്തിന് ഉടന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കോളനിവാസികള്‍.
കഴിഞ്ഞ പ്രളയത്തില്‍ മണ്ണിടിച്ചിലില്‍ വീടുകള്‍ തകര്‍ന്ന് മാസങ്ങളോളം ക്യാമ്പില്‍ കഴിയേണ്ടി വന്ന ലക്കിടി ലക്ഷം വീട് കോളനിയിലെ 23 കുടുംബങ്ങളാണ് അടുത്ത മഴക്കാലം തുടങ്ങാനായ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ജില്ലയില്‍ ആദ്യം മണ്ണിടിച്ചില്‍ ഉണ്ടായ കോളനിയാണ് ഇത്. ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി പോവുകയും ചെയ്തിരുന്നു. പിന്നീട് ഈ കോളനിയില്‍ താമസിക്കാന്‍ പറ്റില്ലെന്നുറപ്പായപ്പോള്‍ മാത്രമാണ് അധികാരികള്‍ ഇടപെട്ട് ലക്കിടിയിലെ ക്യാമ്പിലേക് 26 കുടുംബങ്ങളെ മാറ്റിയത്. സംഭവ സമയത്ത് സ്ഥലം സന്ദര്‍ശിക്കാനെത്തിയ കല്‍പ്പറ്റ എം.എല്‍.എ യും വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ടും ഇടപെട്ട് കോളനിക്കാരെ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സംഭവം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ ഈ സ്ഥലം വാസയോഗ്യമല്ലെന്ന് വ്യക്തമാക്കിയിട്ടും അധികാരികള്‍ ഇതുവരെ തിരിഞ്ഞു നോകിട്ടിയിട്ടില്ല.വീട് പൂര്‍ണമായും നശിച്ച 3 കുടുംബങ്ങളെ മാത്രമാണ് പ്രദേശത്ത് നിന്നും മാറ്റി താമസിപ്പിച്ചത്.
കോളനിക്കാരുടെ അവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കിയിട്ടും വന്‍ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന സാഹചര്യം നിലനില്‍ക്കെ, അടുത്ത മഴക്കാലം മുന്നില്‍കണ്ട് അധികൃതര്‍ ഇടപെട്ട് അടിയന്തരമായി പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്ത പക്ഷം വരുന്ന മഴക്കാലത്ത് എന്തൊക്കെസംഭവിച്ചാലും ജീവന്‍ പോയാലും ഒരു ക്യാമ്പിലേക്കും മാറി താമസിക്കുകയില്ലെന്നും ഇവര്‍ പറഞ്ഞു.