ഫെഡറല്‍ ബാങ്കിന്റെ ജപ്തി ഭീഷണി; രവിയും കുടുംബവും ആത്മഹത്യ നിഴലില്‍

0

മാനന്തവാടി: മൊറട്ടേറിയം കടലാസിലൊതുങ്ങി. ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട്. മാനന്തവാടി ചെറ്റപ്പാലത്ത് വെണ്ടേക്കുകണ്ടി രവിയുടെ വീടും സ്ഥലവും 21-ന് ജപ്തി ചെയ്യും. ഫെഡറല്‍ ബാങ്കിന്റെ മാനന്തവാടി ബ്രാഞ്ചില്‍ നിന്ന് എടുത്ത ഭവന വായ്പ കുടിശ്ശികയായതിനെ തുടര്‍ന്നാണ് ജപ്തി. 2004-ലാണ് രവിയും കുടുംബവും ചെറ്റപ്പാലത്തെ ഒമ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി നാല് ലക്ഷം രൂപ ഭവന വായ്പ എടുത്തത്. പ്രതിമാസം നാലായിരം രൂപ വീതം 36 മാസം 144000 രൂപ വായ്പ തുകയിലേക്ക് തിരിച്ചടച്ചു. ഇപ്പോള്‍ പലിശയും പിഴപലിശയുമായി 15 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് പറയുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി രവിക്ക് പറയത്തക്ക ജോലികളില്ല. ഭാര്യ ഉഷക്ക് ടൈലറിംഗ് ജോലിയില്‍ നിന്ന് ലഭിക്കുന്ന തുഛമായ കൂലി കൊണ്ടാണ് രണ്ട് മക്കളും രവിയും ഉഷയും ജീവിച്ചു പോരുന്നത്. ഇതിനിടെ വായ്പ തിരിച്ചടക്കാത്തതിനാല്‍ കോടതിയില്‍ കേസ് ആവുകയും എറണാകുളത്തെ കോടതിയില്‍ രവി ഹാജരാകാത്തതിനാല്‍ തുക ഈടാക്കാന്‍ ബാങ്കിന് അനുമതി നല്‍കി കോടതി വിധിക്കുകയും ചെയ്തു. ഇതു പ്രകാരമാണ് ഈ മാസം 21-ന് രവിയുടെ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ഒമ്പത് സെന്റ് സ്ഥലവും ജപ്തി ചെയ്യാന്‍ ഫെഡറല്‍ ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ജപ്തി ഭീഷണിക്കു മുമ്പില്‍ പകച്ചു നില്‍ക്കാനെ തനിക്ക് കഴിയുന്നുള്ളുവെന്ന് രവി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!