ഊട്ടിയെ വെല്ലും! മഞ്ഞില്‍ കുളിരണിഞ്ഞ് തലപ്പുഴയിലെ മുനീശ്വരന്‍കുന്ന്

0

മഞ്ഞ് കിരണങ്ങളാല്‍ കുളിരണിഞ്ഞ് തലപ്പുഴ പുതിയിടം മുനീശ്വരന്‍ കുന്ന്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രദേശമായ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വനം വകുപ്പിന്റെ ഒരു വരുമാന സ്രേതസു കൂടിയാണ് സമുദ്രനിരപ്പില്‍ നിന്നും ആയിരത്തോളം അടി മുകളില്‍ നില്‍ക്കുന്ന സഞ്ചാരികളുടെ മനം കവരുന്ന ഈ സ്ഥലം.

കടലോളം വെള്ളം എന്നൊക്കെ പറയുന്നതു പോലെയാണ് തലപ്പുഴ പുതിയിടം മുനീശ്വരന്‍ കുന്നിലെ മൂടല്‍ മഞ്ഞ് കിരണങ്ങള്‍. ഊട്ടിക്ക് സമാനമായ മറ്റൊരു ഊട്ടി എന്നൊക്കെ വേണമെങ്കില്‍ പറയാം. കോടമഞ്ഞും തണപ്പുമെല്ലാം ആസ്വദിക്കാന്‍ നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്.പുലര്‍ച്ചെ മുതല്‍ തന്നെ ഇവിടെക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.

കൊവിഡിന്റെ അടച്ചിടലിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അറായിരത്തിനടുത്ത് ആളുകള്‍ ഈ മനോഹര കുന്നില്‍ പ്രദേശം കാണാന്‍ ഇവിടെ എത്തിയത്. വനം വകുപ്പിന്റെ കീഴിലാണ് മുനീശ്വരന്‍ കുന്ന്. മുതിര്‍ന്നവര്‍ക്ക് 45 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് നിരക്ക്. രാവിലെ സൂര്യോദയവും വൈകീട്ട് അസ്തമയുമെല്ലാം ഇവിടെ നിന്നും ദര്‍ശിക്കാന്‍ കഴിയും. കുന്നില്‍ പ്രദേശമായതിനാല്‍തന്നെ മാനന്തവാടിയും പരിസര പ്രദേശവുമെല്ലാം ആകാശ കാഴ്ചയോടെ ആസ്വദിക്കാനും കഴിയും.

പ്രദേശത്ത് തന്നെയുള്ള മുനീശ്വരന്‍ കോവില്‍ ക്ഷേത്രം ഇവിടെയെത്തുന്നവര്‍ക്ക് ആരാധനയുടെ പ്രതീതിയും ഉളവാക്കും. അങ്ങനെ എന്തുകൊണ്ടും സഞ്ചാരികളുടെ മനം കവരുന്ന ഇടമായി ഈ പ്രകൃതി സുന്ദര ഇടം ഇന്ന് മാറിയിരിക്കുന്നു. വനം വകുപ്പ് കുറച്ചു കൂടി ഭൗതിക സാഹചര്യങ്ങളൊരുക്കിയാല്‍ വയനാടിന്റെ ഭൂപടത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി തലപ്പഴയിലെ ഈ മുനീശ്വരന്‍ കുന്ന് മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 

Leave A Reply

Your email address will not be published.

error: Content is protected !!