കല്‍പ്പറ്റ: പ്രളായാനന്തര കേരളത്തെ പകര്‍ച്ചവ്യാധി മുക്തമാക്കാന്‍ ഒരുമിച്ച കൈകള്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണിനിരക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന പേരില്‍ മെയ് 11,12 തിയ്യതികളില്‍ ജില്ലയില്‍ നടക്കുന്ന സമഗ്ര ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജനകീയ പങ്കാളിത്തത്തോടൊപ്പം വിവിധ വകുപ്പുകളുടെ ഏകോപനവും ആവശ്യമാണ്. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സുപ്രധാന പങ്കാണ് നിര്‍വ്വഹിക്കാനുളളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നെത്തുന്ന രോഗങ്ങളെയും കരുതിയിരിക്കണം. പ്രതിരോധ മരുന്നുകളുടെ വിതരണവും പ്രതിരോധ മാര്‍ഗങ്ങളും കാര്യക്ഷമമാക്കുന്നതിനൊപ്പം ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. യജ്ഞത്തില്‍ ജലസംരക്ഷണത്തിനും മുഖ്യപരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.എസ്. ടിംപിള്‍ മാഗി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി. സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം.കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ആധ്യക്ഷന്‍മാര്‍ ,സെക്രട്ടറിമാര്‍ , വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.