അശ്വമേധം പരിപാടിക്ക് തുടക്കം
കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാതെ സമൂഹത്തില്‍ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ രണ്ടാഴ്ച ജില്ലയില്‍ നടപ്പാക്കുന്ന പരിപാടിയാണ് കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം അഥവാ അശ്വമേധം. അശ്വമേധം പരിപാടിയിലൂടെ ജില്ലയിലെ 2 ലക്ഷത്തോളം വീടുകളില്‍ ഇന്ന് മുതല്‍ മെയ് 12 വരെ ആശാ പ്രവര്‍ത്തകര്‍, പരിശീലനം ലഭിച്ച വോളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാവനസന്ദര്‍ശനം നടത്തി എല്ലാവരുടെയും ത്വക്ക് പരിശോധിച്ചു കുഷ്ഠരോഗ ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യും.ഒരു പുരുഷ വോളണ്ടിയര്‍, ഒരു സ്ത്രീ വോളണ്ടീയര്‍ എന്നിവരടങ്ങുന്നതാണ് ടീം. ഒരു ടീം ഏകദേശം 250 വീടുകള്‍ 14 ദിവസം കൊണ്ട് സന്ദര്‍ശിക്കും. ഇതിനായി 2000 വോളണ്ടീയര്‍മാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാര്‍ എന്നിവരുടെ മേല്‌നോട്ടത്തിലായിരിക്കും പരിപാടി നടപ്പിലാക്കുക. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.ഭവന സന്ദര്‍ശനത്തിലൂടെ കുഷ്ഠരോഗ ലക്ഷണങ്ങള്‍ സംശയിക്കുന്ന കേസുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധിക്കുകയും കൂടുതല്‍ വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന ക്യാമ്പുകളില്‍ ത്വക്കുരോഗ വിദഗ്ധര്‍ പരിശോധിച്ച് ചികിത്സ നല്‍കുകയും ചെയ്യും.മനുഷ്യവര്‍ഗത്തോളം ചരിത്രമുണ്ടെന്നു കരുതുന്ന അതിപുരാതനമായ ഒരു പകര്‍ച്ചവ്യാധിയാണ് കുഷ്ഠരോഗം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയോടെ പൂര്‍ണമായ ചുകിത്സ ലഭ്യമാണെങ്കിലും രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള ശരിയായ അറിവില്ലായ്മ മൂലം രോഗം ബാധിച്ചവര്‍ തന്നെ തിരിച്ചറിഞ്ഞു ചികിത്സക്കെത്തുന്നത് വളരെ വൈകിയാണ്. ചികിത്സ വൈകുന്നത് പ്രധാനമായും രണ്ടു പ്രശനങ്ങളാണ് ഉണ്ടാക്കുന്നത്. രോഗിക്ക് അംഗവൈകല്യം ബാധിക്കുന്നതും, രോഗി മറ്റുള്ളവരിലേക്ക് ദീര്‍ഘകാലം രോഗം പരത്തിക്കൊണ്ടിരിക്കുന്നതുമാണ് പ്രധാന പ്രശ്‌നങ്ങള്‍. പല ആധുനിക രോഗങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചുവെങ്കിലും കുഷ്ഠരോഗം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കാതിരുന്നതിന്റെ പ്രധാന കാരണം ഇതാണ്. കേരളത്തില്‍ രോഗ സാന്ദ്രത വളരെ കുറവാണ് എന്ന പൊതു ധാരണ മൂലം രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം തീരെ കുറഞ്ഞതാണ് രോഗികളെ നേരത്തെ കണ്ടെത്തുന്നത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.കുഷ്ഠരോഗത്തിനു എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൂര്‍ണമായും സൗജന്യമായ ചികിത്സ ലഭ്യമാണ്. മാനന്തവാടി വരടി മൂല പണിയ കോളനിയില്‍ നടന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് ഡി എം ഒ ഡോ.. കെ രേണുക, ടെക് നിക്കല്‍ അസിസ്റ്റന്റ് സി സി ബാലന്‍, ഡെപ്യുട്ടി മാസ് മീഡിയ ഓഫീസര്‍ ജാഫര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ മനോജ് കുമാര്‍ എന്‍ എസ്, ആശാ വര്‍ക്കര്‍മാരായ എം സഫിയ, ലിസി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.