വോട്ടവകാശം വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രം

0

കല്‍പ്പറ്റ: വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ അവകാശമുള്ളു. അതല്ലാതെ, പട്ടികയില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡോ വോട്ടര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ‘ചലഞ്ച് വോട്ട്’ ചെയ്യാമെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ വ്യാജമാണ്.

പോളിംഗ് ബൂത്തില്‍ പോളിംഗ് ഏജന്റിന് ഒരു വോട്ടറുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ രണ്ടുരൂപ കെട്ടിവെച്ച് ‘ചലഞ്ച്’ ചെയ്യാന്‍ അവസരമുണ്ട്. ഈ സാഹചര്യത്തില്‍ ‘ചലഞ്ച്’ പോളിംഗ് ഏജന്റിന് സ്ഥാപിക്കാനാവാതെ വന്നാല്‍ ആ വോട്ടറെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നതിനെയാണ് ‘ചലഞ്ച് വോട്ട്’ എന്നു പറയുന്നത്. അതേസമയം, ചലഞ്ച് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ വോട്ട് ചെയ്യാന്‍ എത്തിയ വ്യക്തിയെ വോട്ടിംഗില്‍ നിന്ന് വിലക്കാനും പോലീസിന് കൈമാറാനും പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്.

ഒരു വോട്ടര്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമ്പോള്‍ തന്റെ വോട്ട് നേരത്തെ ആരെങ്കിലും ചെയ്തായി കണ്ടാല്‍ അയാള്‍ക്ക് ടെണ്ടര്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. വോട്ടുചെയ്യാനെത്തിയ വ്യക്തി പ്രിസൈഡിംഗ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ആധികാരികത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ചെയ്താലാണ് ടെണ്ടര്‍ വോട്ടിന് അനുമതി നല്‍കുക.

Leave A Reply

Your email address will not be published.

error: Content is protected !!