സംസ്ഥാനത്ത് ആദ്യമായി മാനന്തവാടിയില്‍

0

മാനന്തവാടി: നഗരസഭ പരിധിയിലെ ചെരുപ്പ് തുന്നുന്നവര്‍ക്ക് ഏകീകരിച്ച പുനരധിവാസ മേഖല നല്‍കി സംസ്ഥാനത്തെ ആദ്യ നഗരസഭയായി മാനന്തവാടി നഗരസഭ. ദേശിയ നഗര ഉപജീവന മിഷനിലൂടെ നഗര ദരിദ്രരുടെ ഉപജീവന മാര്‍ഗ്ഗം മെച്ചപ്പെടുത്തി ദാരിദ്ര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗര പരിധിയിലെ വഴിയോര കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ അര്‍ഹരായ വിവിധ മേഖലകളില്‍ കച്ചവടം ചെയ്യുന്ന 217 പേര്‍ക്കാണ് ഇതുവരെയായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്. വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് റോഡരികില്‍ ചെരുപ്പ് റിപ്പയറിംഗ് നടത്തിയിരുന്ന 11 പേര്‍ക്കാണ് എകീകരിച്ച പുനരധിവാസ മേഖല സജ്ജീകരിച്ചിരിക്കുന്നത്. നീലയും വെള്ളയും കളറിലാണ് ഇവര്‍ക്കുള്ള ഷെഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കിയിട്ടുണ്ട്.കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ എന്‍ യു എം എല്‍ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.ജില്ലാ കുടുംബശ്രീ മിഷനാണ് ഇതിന്റ് നോഡല്‍ ഏജന്‍സി. 12 അംഗങ്ങളെ 4 പേരടങ്ങുന്ന 3 ഗ്രൂപ്പുകളായി തിരിച്ച് 50,000 രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ചെരുപ്പ് തുന്നുന്നവര്‍ക്ക് വൃത്തിയുള്ള അന്തരീക്ഷവും സുരക്ഷിതത്വവും ഒരുക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എന്‍ യു എം എല്‍ കോര്‍ഡിനേറ്റര്‍ ജമാല്‍ പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായി തട്ടുകടകള്‍ എകീകരിച്ച് മാനന്തവാടി നഗരസഭ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!