കുറച്ച് കൂടി കാത്തിരിക്കണം… പൂപ്പൊലി ഇനിയും വൈകും

0

അമ്പലവയല്‍: രാജ്യന്തര പൂഷ്പഫല പ്രദര്‍ശനമേളയായ പൂപ്പൊലി ആറാം പതിപ്പ് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രില്‍ 12ന് ആരംഭിക്കാനിരുന്ന പൂപ്പൊലി തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റി വെച്ചതായി അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ.ഡോ.കെ അജിത്കുമാര്‍ അറിയിച്ചു. പുതിയ തീയ്യതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് കേന്ദ്രം മേധാവിയില്‍ നിന്നും ലഭിക്കുന്ന സൂചന. ജനുവരി മാസത്തില്‍ നടക്കേണ്ടിയിരുന്ന പൂപ്പൊലി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തണമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തെങ്കിലും പലകോണുകളില്‍ നിന്നുമുണ്ടായ സമര്‍ദ്ദത്തിന്റെ ഫലമായി ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല തീരുമാനിച്ചത്. പൂപ്പൊലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിക്കുകയും യോഗം ഒരുക്കങ്ങളാരംഭിക്കുകയും ചെയ്തു. നൂറില്‍പ്പരം സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവയുടെ ലേലം കഴിഞ്ഞിട്ടുണ്ട്. ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. ഏപ്രില്‍ 12ന് ആരംഭിച്ച് 22ന് സമാപിക്കുന്ന തരത്തിലാണ് പൂപ്പൊലി പ്രദര്‍ശനം ക്രമീകരിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് 23നാണ്. ആര്‍.എ.ആര്‍.എസിലെ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ പൂപ്പൊലിയുടെ നടത്തിപ്പ് ശ്രമകരമാകുമെന്നത് കണക്കിലെടുത്ത് കൂടിയാണ് മേള രണ്ടാമതും മാറ്റി വെച്ചത്. ഇത് മേളയുടെ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കേരള കാര്‍ഷിക വികസന വകുപ്പ് കേരള കാര്‍ഷിക സര്‍വ്വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവരാണ് പൂപ്പൊലിയുടെ സംഘാടകര്‍. വിനോദത്തിനൊപ്പം വിഞ്ജാനത്തിനും പ്രാധാന്യം നല്‍കിയാണ് പൂപ്പൊലിയുടെ ആറാമത് പതിപ്പൊരുക്കുന്നത്. കര്‍ഷക കൂട്ടായ്മകള്‍, നഴ്സറി, കാര്‍ഷിക പ്രതിനിധികള്‍, കാര്‍ഷിക വകുപ്പ്. കാര്‍ഷികേതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റ്റാളുകളാണ് ഉദ്യാന നഗരിയിലുണ്ടാവുക. ഇതൊടൊപ്പം കാര്‍ഷിക സെമിനാറുകള്‍ നടക്കും. 12 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്നതാണ് പൂപ്പൊലി ഉദ്യാനം.ഇത്തവണത്തെ വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നതിനാല്‍ പുഷ്പഫല പ്രദര്‍ശന മേളക്കും ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. മധ്യവേനലവധിക്കാലമായതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകുമെന്നാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍.

Leave A Reply

Your email address will not be published.

error: Content is protected !!