കാറിലെത്തിയ സംഘം യുവാവിനെ തട്ടികൊണ്ട് പോയി; പോലീസ് അന്വേഷണം ആരംഭിച്ചു

0

മാനന്തവാടിയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി. കൂത്ത്പറമ്പ് ഓലായ്ക്കര ബദരിയ മന്‍സില്‍ അമീര്‍ (22)നെയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ പിതാവിന്റെ പരാതി പ്രകാരം മാനന്തവാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ബസ്റ്റാന്റ് പരിസരത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രികനായ അമീറിനെ തൊട്ടുപുറകെ വരിയായിരുന്ന വെളുത്ത സ്ഥിഫ്ട് കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതേസമയം അവിടെ സ്വകാര്യ ലോഡ്ജിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കറുത്ത നിറത്തിലുള്ള വെര്‍ണ കാറിലെ സംഘം പുറത്തിറങ്ങി അമീറിനെ ബലമായി കാറിലേക്ക് കയറ്റുകയായിരുന്നു. കാറില്‍ നിന്നുമിറങ്ങിയവരുടെ കയ്യില്‍ ജാക്കിയുടെ ലിവറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരെ ഭയപ്പെടുത്തിയ ഇവര്‍ ഉടന്‍തന്നെ രണ്ടുകാറുമായി സ്ഥലം വിടുകയും ചെയ്തു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി സ്‌കൂട്ടര്‍ സ്റ്റേഷനിലേക്ക് മാറ്റി. സിസിടിവി ദൃശ്യം പരിശോധിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

തുടര്‍ന്ന് അമീറിന്റെ പിതാവ് മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫിലായിരുന്ന അമീര്‍ കൊടുവള്ളി സ്വദേശികളുമായുണ്ടായ സ്വര്‍ണ്ണ ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിന് പോലീസ്ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഗള്‍ഫില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയ അമീര്‍ തങ്ങള്‍ക്ക് പണം നല്‍കാനുണ്ടെന്ന് കാണിച്ച് കൊടുവള്ളി സ്വദേശികള്‍ കതിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും സൂചനയുണ്ട്. പ്രസ്തുത പരാതിക്കാരാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്ലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!