ചൂത് 2019 ഗോത്ര സഹവാസ ക്യാമ്പിന് നാളെ തുടക്കം
വാരാമ്പറ്റ ഗവ: ഹൈസ്‌കൂളില്‍ തുടി ഗോത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചൂത് 2019 ഗോത്ര സഹവാസ ക്യാമ്പ് നാളെ ആരംഭിക്കും. മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യും.വാളാരംകുന്ന്, ചീരപ്പൊയില്‍, അംബേദ്ക്കര്‍, ചെറിയനരിപ്പാറ, വലിയ നരിപ്പാറ, വെള്ളിയാംകുന്ന്, പേരിങ്ങോട്ട് കുന്ന്, അരിക്കളം, തന്നിയോട്, കൊച്ചാറ തുടങ്ങി എട്ടോളം കോളനികളിലെ ആദിവാസി ഗോത്ര വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുക്കും. വട്ടക്കളി, കമ്പളനാട്ടി, നാടന്‍ പാട്ട് തുടങ്ങിയ ഗോത്ര കലകളുടെ വിവിധ ആവിഷ്‌ക്കാരങ്ങളും, അമ്പെയ്ത്ത്, വടംവലി തുടങ്ങിയ കായിക മത്സരങ്ങളും ലഹരി വിമുക്ത ബോധവത്കരണ ക്ലാസ്, തനത് ഗോത്ര കലകളുടെ അവതരണം, മെഡിറ്റേഷന്‍, നടകക്കളരി തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ ക്യാമ്പില്‍ അരങ്ങേറും.