വീടിനായി തീരാത്ത അലച്ചില്‍

0

തിരുനെല്ലിയില്‍ പ്രളയകെടുതിയില്‍ വീട് നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍. ഇപ്പോഴും താമസം ദുരിതാശ്വാസ ക്യാമ്പില്‍. ബാവലി ഓണി വയല്‍ എറയാളന്‍ വീട്ടില്‍ ശാരദയും കുടുംബവുമാണ് കിടപ്പാടത്തിനായ് അലയുന്നത്.

കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ മരം വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കാടിനോട് ചേര്‍ന്നുള്ള വന്‍ മരം വീടിന് മുകളില്‍ വീഴുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബത്തിന് താമസിക്കാന്‍ വീടോ സ്ഥലമോ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ചുറ്റും വനമായതിനാല്‍ അവിടെ താമസിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. ഭൂമിയും വീടും അടക്കം പത്ത് ലക്ഷം രൂപ അധികൃതര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഭൂമി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ലൈഫ്മിഷന്‍ പദ്ധതിയില്‍ പ്രളയകെടുതിയില്‍ വീട് നഷടപെട്ടവര്‍ക്ക് വീട് നല്‍കാതെ ഭരണകക്ഷിയില്‍പെട്ടവര്‍ക്ക് വാസയോഗ്യമായ വീടുകള്‍ പൊളിച്ച് വീട് വെക്കാന്‍ ഒത്താശ ചെയ്യുന്നുവെന്നും കുടുംബം ആരോപിക്കുന്നു പട്ടികജാതിയില്‍പെട്ട കുടുംബത്തിന് ഇപ്പോള്‍ പള്ളിയാണ് ആശ്രയം. പ്രകൃതിക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവര്‍ അന്തിയുറങ്ങാന്‍ വീടിനുവേണ്ടി കയറാത്ത ഓഫീസുകള്‍ ഇല്ല. പരിഹാരമില്ലെങ്കില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തില്‍ താമസിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. സ്ഥലം കണ്ടെത്താന്‍ എം.എല്‍.എ പറഞ്ഞെങ്കിലും തുടര്‍ന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!