പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കെയര്‍ ഇന്ത്യയും കൊക്കക്കോളയും ശ്രേയസ്സും

0

മാനന്തവാടി: പ്രളയബാധിത പ്രദേശമായ മാനന്തവാടി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി കെയര്‍ ഇന്ത്യയുടെയും കൊക്കക്കോളയുടെയും ശ്രേയസിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പദ്ധതികള്‍. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20ന് ആരംഭിച്ച പദ്ധതികളുടെ സമാപനച്ചടങ്ങ് മാനന്തവാടി ബ്രഹ്മമഗിരി ഓഡിറ്റോറിയത്തില്‍. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍മാര്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാദര്‍ ബെന്നി ഇടയത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്, കൗണ്‍സിലര്‍മാരായ സ്റ്റെര്‍വിന്‍ സ്റ്റാനി, ശ്രീലത കേശവന്‍, വിജയലക്ഷ്മി ടീച്ചര്‍, സുമിത്ര ബാലന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബെന്നി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സന്ധ്യ എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. പ്രളയ ബാധിതര്‍ക്കായി നടത്തിയ പദ്ധതികള്‍ കെയര്‍ ഇന്ത്യ പ്രൊജക്ട് ഓഫീസര്‍ മധുസൂധനന്‍ അവതരിപ്പിച്ചു. സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ശ്രേയസ് കോര്‍ഡിനേറ്റര്‍ ലിബിന്‍ നന്ദി അറിയിച്ചു.

പ്രൊജക്ട് ഓഫീസര്‍മാറുടെയും കോര്‍ഡിനേറ്ററുടെയും നേതൃത്വത്തില്‍ 12 വോളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. മാനന്തവാടി, തവിഞ്ഞാല്‍ പ്രദേശത്തെ നിരവധി ആളുകള്‍ക്ക് സഹായകമായ പദ്ധതിയില്‍ സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കുമാണ് മുന്‍ഗണന നല്‍കിയത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം, ബോധവല്‍ക്കരണ ക്ലാസ്, നിത്യോപയോഗ സാധന വിതരണം, പണി ആയുധ വിതരണം, 4500 രൂപ വിലവരുന്ന റേഷന്‍കിറ്റ് വിതരണം, അങ്കണവാടി, സ്‌കൂള്‍, ക്ലബ്ബ്, സാമൂഹ്യ കേന്ദ്രങ്ങളുടെ പുനര്‍നിര്‍മ്മാണം, ഉപയോഗ ശൂന്യമായ കിണറുകളുടെ പുനര്‍ നിര്‍മ്മാണം എന്നിവയാണ് പ്രധാനമായും പദ്ധതി പ്രകാരം നടത്തിയത്. തൊഴിലില്ലായ്മ രൂക്ഷമായതോടെ 15 ദിവസം ദിവസ വേതന നിരക്കില്‍ തൊഴില്‍ നല്‍കുകയും ചെയ്തു. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രദേശത്തെ സ്‌കൂളുകളിലും ആദിവാസി കോളനികളിലും വ്യക്തി ശുചിത്വത്തെക്കുറിച്ച് ക്ലാസുകള്‍ എടുക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!