വികസന മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യംആയിരം ദിനാഘോഷത്തിന് ജില്ലയൊരുങ്ങി

0

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങിയത് നിരവധി പദ്ധതികള്‍. പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആയിരം ദിനാഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ മിനി ഹാളില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ നിര്‍മിച്ച ആയിരത്തോളം വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ആരോഗ്യവകുപ്പിന് കീഴില്‍ നിര്‍മിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, എക്‌സൈസ് വകുപ്പിന്റെ ലഹരിമോചന ചികില്‍സാ കേന്ദ്രം, കല്‍പ്പറ്റ അമൃത്, സുഗന്ധഗിരിയിലെ വിവിധ വികസന പദ്ധതികള്‍, വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി നിര്‍മിച്ച മൂന്നു കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും.അഞ്ചു കോടി രൂപ മുതല്‍ മുടക്കുന്ന കര്‍ലാട് തടാകം പുനരുദ്ധാരണം, കല്‍പ്പറ്റ ടൗണ്‍ഹാള്‍, യുനസ്‌കോയുടെ സഹായത്തില്‍ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തിക്കും തുടക്കം കുറിക്കും. പണി പൂര്‍ത്തീകരിച്ച 10 സ്‌കൂള്‍ കെട്ടിടങ്ങളും പൂമല ബിഎഡ് സെന്ററിന്റെ പുതിയ കെട്ടിടവും നാടിനു സമര്‍പ്പിക്കും. ഉദ്ഘാടനം ചെയ്യുന്ന ഇതര പദ്ധതികള്‍: കണിയാമ്പറ്റ എംആര്‍എസ് മള്‍ട്ടി പ്ലേ ഗ്രൗണ്ട്, സാമൂഹികനീതി വകുപ്പിന്റെ വണ്‍ സ്റ്റോപ്പ് സെന്റര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് കൗണ്ടര്‍, വയനാട് ഗവ. എന്‍ജിനീയറിങ് കോളജ് വനിതാ ഹോസ്റ്റല്‍, നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മാനന്തവാടി ഗവ. കോളജ് സെന്റര്‍ ഫോര്‍ എക്സലന്‍സ് കെട്ടിടം, തൃശ്ശിലേരി ഗവ. ഹൈസ്‌കൂള്‍ കെട്ടിടം, മാനന്തവാടി ഐഎച്ച്ആര്‍ഡി കോളജ് കെട്ടിടം, നെല്ലാറച്ചാല്‍ ഗവ. യുപി സ്‌കൂള്‍ കെട്ടിടം, മാനന്തവാടി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ യാര്‍ഡ്, സുല്‍ത്താന്‍ ബത്തേരി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ ഫാര്‍മേഴ്സ് കോംപ്ലക്സ്, ചെറുപുഴ പാലം, മുട്ടില്‍-മേപ്പാടി, വടുവന്‍ചാല്‍-കൊളഗപ്പാറ, പാറക്കടവ്-മാടപ്പള്ളി-ചാമപ്പാറ, അഞ്ചാംപീടിക-പുതുശ്ശേരി റോഡുകള്‍.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ബീനാച്ചി-പനമരം റോഡ്, ചെന്നലോട്-മുണ്ടക്കുറ്റി-ചേര്യംകൊല്ലി, പടിഞ്ഞാറത്തറ-കുപ്പാടിത്തറ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ബ്ലോക്ക്, വൈത്തിരി താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡിന് അടിസ്ഥാനസൗകര്യ നിര്‍മാണം, കാട്ടിക്കുളം ഗവ. എച്ച്എസ്എസിന് പുതിയ കെട്ടിടം, എന്‍ജിനീയറിങ് കോളജ് പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് നിര്‍മാണം, ഗവ. എന്‍ജിനീയറിങ് വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന്റെ ഒന്നാംനില നിര്‍മാണം, പി കെ കാളന്‍ കോളജ് കെട്ടിടത്തിന് മുകളില്‍ ഒന്നാംനില നിര്‍മാണം എന്നിവയ്ക്കും തുടക്കമാവും. എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിതി കേന്ദ്രം നിര്‍മിച്ച 10 സ്‌കൂള്‍ കെട്ടിടങ്ങളാണ് ഇക്കാലയളവില്‍ ഉദ്ഘാടനം ചെയ്യുക. വയനാട് വന്യജീവി സങ്കേതത്തില്‍ റെയില്‍ ഫെന്‍സിങിന്റെ നിര്‍മാണം ഈ മാസം തന്നെ തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കാണ് ജില്ലയിലെ ആഘോഷ പരിപാടികളുടെ മേല്‍നോട്ട ചുമതല. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ ഉണ്ടാകും. ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, വികസന സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, മീഡിയ കോണ്‍ക്ലേവ് എന്നിവയും സംഘടിപ്പിക്കും. യോഗത്തില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!