വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്നങ്ങൾക്ക് അവസാനമാകുന്ന സംസ്ഥാനത്തിൻ്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ യാഥാർഥ്യത്തിലേക്ക്. തുരങ്ക പാതയ്ക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു. രേഖാമൂലമുള്ള അനുമതി കിട്ടുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.
ഈ മാസം ആദ്യം ചേർന്ന യോഗത്തിലാണ് കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കാമെന്ന് വിദഗ്ധ സമിതി ശുപാർശ നൽകിയത്. പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, തുടങ്ങിയ നിരപ്പി നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.
തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.