കല്‍പ്പറ്റ പൊന്നടയില്‍ സിദ്ധിക് എം എല്‍ എയുടെ സാന്നിധ്യത്തില്‍ ശ്രുതിക്കായുള്ള വീടിന് തറക്കല്ലിട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശികളായ ഇനോക്ക് ജോസഫ് ആന്റണി,ഡെനീഷ് ഡേവീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വരും നഷ്ടപ്പെട്ട ശ്രുതിക്കായി 1500 ചതുരശ്ര വിസ്തീര്‍ണ്ണമുള്ള വീടാണ് ഒരുക്കുന്നത് .
ചൂരല്‍മല ദുരന്തത്തില്‍ കുടുംബത്തിലെ ഒന്‍പത് പേരെ നഷ്ട്ടപെട്ട ശ്രുതിക്ക് ഏക ആശ്രയം ആയിരുന്നത് വിവാഹ നിച്ഛയം കഴിഞ്ഞ പ്രതി ശ്രുത വരന്‍ ജെന്‍സണ്‍ ആയിരുന്നു. കാര്‍ അപകടത്തില്‍ ജെന്‍സണ്‍ മരണപെടുകയും ശ്രുതിക്ക് സാരമായ പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു.
ഏക ആശ്രയമായ ജെന്‍സണും മരിച്ചതോടെ മാനസികമായ തളര്‍ന്ന ശ്രുതിയെ ചേര്‍ത്ത് വയ്ക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഈ ഉദ്യമത്തിന് ശ്രമിച്ചതെന്നും ഇനോക്ക് ജോസഫ് ആന്റണി,ഡെനീഷ് ഡേവീസും പറഞ്ഞു. കല്‍പ്പറ്റ പൊന്നടയില്‍ ശ്രുതിയുടെ പേരില്‍ പതിനൊന്നര സെന്റ് സ്ഥലം മുംബൈ സ്വദേശിനിയായ മലയാളി ബീന രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു.
മുപ്പത് ലക്ഷം രൂപ വീടിന്റെ നിര്‍മ്മാണ ചിലവിനായി വരുന്ന 1500 സ്‌ക്വായര്‍ ഫീറ്റിന്റെ വീടാണ് ഇവര്‍ നിര്‍മ്മിച്ച് നല്‍കുന്നത്. തറക്കല്ലിട്ട് 120 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്.