വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ നടപടി വേണം

0

രൂക്ഷമായ വരള്‍ച്ച നേരിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും വേനല്‍മഴ ലഭിക്കാത്തതിനാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തിലുള്ള ഇടപെടല്‍ അനിവാര്യമാണെന്നും ഇവര്‍ പറഞ്ഞു.

പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍നിന്നോ ഓണ്‍ ഫണ്ടില്‍നിന്നോ തുക കണ്ടെത്തി കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫണ്ടുകള്‍ അപര്യാപ്തമായതിനാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദേശം പ്രായോഗികമല്ല. ഇതിനാല്‍ വരള്‍ച്ചയെ നേരിടുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്സണായ കളക്ടര്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്നും പരമാവധി തുക അനുവദിക്കണം.ഇവിടുത്തെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി സന്ദര്‍ശനം നടത്തണം. പ്രഥമികമായി കളക്ടര്‍ ഇവിടം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് നല്‍കണമെന്നും ഇവര്‍ വ്യക്തമാക്കി.

പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളുടെ പ്രധാന ജലസ്രോതസായ കബനി നദി വറ്റിവരണ്ടത് ജലദൗര്‍ലഭ്യം രൂക്ഷമാക്കുന്നതിന് ഒരു പ്രധാന കാരണമായിട്ടുണ്ട്. ഇതിന് പരിഹാരമായി കബനിക്ക് കുറുകേ തടയണ നിര്‍മിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിങ് നിലയ്ക്കും. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ജല്‍ജീവന്‍ മിഷന്‍ പദ്ധതി എത്രയും വേഗത്തില്‍ കമ്മീഷന്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. വരള്‍ച്ചമൂലമുണ്ടായ കാര്‍ഷിക മേഖലയിലുണ്ടായ വലിയ നാശം ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദനമുണ്ടാവുന്നില്ല. ആളുകള്‍ക്ക് തൊഴിലില്ലാതായി. സാധാരണക്കാരായ കുടുംബങ്ങള്‍ പട്ടിണിയിലേക്കാണ് നീങ്ങുന്നത്. ഇതിന് പരിഹാരം കാണാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!