വരള്‍ച്ചയില്‍ കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

0

രൂക്ഷമായ വരള്‍ച്ചയില്‍ കാര്‍ഷിക വിളകള്‍ നശിച്ച പാടിച്ചിറ,പുല്‍പ്പള്ളി വില്ലേജുകളിലെ വിവിധ മേഖലകള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. രൂക്ഷമായ വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ട്, പാറക്കവല, ചണ്ണോത്തുകൊല്ലി, കുന്നത്തുകവല, ശിശുമല തുടങ്ങിയ പ്രദേശങ്ങളിലും പുല്‍പ്പള്ളി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സംഘം സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറും. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മമ്മൂട്ടി, പനമരം കൃഷി വകുപ്പ് അസി. ഡയറക്ടര്‍ എ.ടി. വിനോയ്, കൃഷി ഓഫീസര്‍ ടി.എസ്. സുമിന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വരള്‍ച്ച മൂലം വലിയ കൃഷിനാശമുണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃഷി ഓഫീസില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ മാത്രം 200 ഹെക്ടറിലേറെ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ വലിയ തോതിലുള്ള കൃഷിനാശമുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒട്ടുമിക്ക തോട്ടങ്ങളിലും കാപ്പിയും കുരുമുളകും കമുകും വാഴയുമടക്കമുള്ള വിളകള്‍ കരിഞ്ഞുണങ്ങി നശിച്ചു. ബാക്കിയുള്ളവ വാടി നില്‍ക്കുകയാണ്. മഴ ലഭിച്ചില്ലെങ്കില്‍ ഇവയും കരിഞ്ഞുപോകും. ഇതോടെ കൃഷി പൂര്‍ണമായി ഇല്ലാതാവുന്ന അവസ്ഥയാവും. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള റിപ്പോര്‍ട്ടാവും കൈമാറുക. ഇതിനൊപ്പം റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടുകൂടി സര്‍ക്കാരിലേക്ക് കൈമാറിയാല്‍ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കാനാവും. എങ്കില്‍ മാത്രമേ നശിച്ച വിളകള്‍ക്ക് നാശനഷ്ടമടക്കമുള്ള സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കൂ. കൃഷിനാശമുണ്ടായ മേഖലയിലെ കര്‍ഷകരെ നേരില്‍കണ്ട് വിവരങ്ങള്‍’ആരാഞ്ഞു. സംഘത്തോടൊപ്പം കുരുമുളക് സംരക്ഷണ സമിതി ഭാരവാഹികളും കൂടെയുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!