നായകളില്‍ പാര്‍വോ വൈറസ്  രോഗം പടരുന്നു

0

പാര്‍വോ വൈറല്‍ എന്ററൈറ്റിസ് എന്ന മാരകമായ പകര്‍ച്ച രോഗം വ്യാപകമായതോടെ തെരുവുനായക്കള്‍ക്ക് പുറമേ വളര്‍ത്തു നായകളും ചത്തൊടുങ്ങുന്നു. വയനാട്ടിലെ മൃഗാശുപത്രികളില്‍ രോഗം ബാധിച്ച് എത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നരമാസമായി ക്രമാതീതമായി വര്‍ദ്ധിച്ചതായി മൃഗസംരക്ഷണ വകുപ്പ് രേഖകള്‍ പറയുന്നു. 4000 ത്തോളം പുതിയ കേസുകളാണ് ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

രോഗാരംഭത്തില്‍ ഭക്ഷണത്തോട് താല്പര്യം ഇല്ലായ്മയും ഉയര്‍ന്ന പനിയും ചര്‍ദ്ദിയും ആണ് നായകളിലെ രോഗലക്ഷണം. തുടര്‍ന്ന് വയറുവേദനയുടെ ലക്ഷണങ്ങളും രോഗം മൂര്‍ച്ഛിക്കുന്നതോടെ രക്തം കലര്‍ന്ന ദുര്‍ഗന്ധത്തോടുകൂടിയ വയറിളക്കവും കാണിക്കും. നിര്‍ജലീകരണം സംഭവിക്കുന്നതിനാല്‍ രോഗം ബാധിച്ച നായകള്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം തന്നെ സംഭവിക്കും.6 ആഴ്ച മുതല്‍ 6 മാസം വരെ പ്രായമുള്ള നായകളിലാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനാല്‍ ഇതോടൊപ്പം എലിപ്പനി പോലെയുള്ള രോഗങ്ങളും അനുബന്ധമായി ബാധിക്കാറുണ്ട്. ചികിത്സ ചെലവേറിയതിനാലും ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്നതിനാലും ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാലും
പാര്‍വോ രോഗബാധ നിയന്ത്രണം വളരെ സങ്കീര്‍ണമാണ്.

വൈറസ് രോഗമായതിനാലും തെരുവുനായകളിലും ഒപ്പം വളര്‍ത്തുനായകളിലുംരോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാലും പ്രതിരോധ കുത്തിവെപ്പ് എടുക്കുക മാത്രമാണ് പ്രതിവിധി എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുംഅനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ. കെ. ജയരാജ് അറിയിച്ചു. അന്തരീക്ഷ വായുവിലൂടെ പോലും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍വൈറസ് ബാധ ഉണ്ടാവും എന്നതിനാലും ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ എത്തിക്കുന്ന നായ്ക്കളില്‍ നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരാം എന്നതിനാലും അടിയന്തര സാഹചര്യങ്ങളിലല്ലാതെ നിസ്സാര രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയോ വാക്‌സിനേഷനു വേണ്ടിയോ വളര്‍ത്തു നായ്ക്കളെ ആശുപത്രിയില്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!