ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം ടൗണിലും സമീപ ടൗണുകളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. ബീനാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഹോട്ടല്‍, ബത്തേരി അസംപ്ഷന്‍ ഡി അഡിക്ഷന്‍ സെന്റര്‍ കാന്റീന്‍, ഗ്രാന്റ് ഐറിസ് ദൊട്ടപ്പന്‍കുളം, ബത്തേരി ടൗണിലെ മലബാര്‍ ഹോട്ടല്‍, എം ഇ എസ് കാന്റീന്‍, കൊളഗപ്പാറ വയനാട് ഹില്‍ സ്യൂട്ട്, കോട്ടക്കുന്ന് സല്‍ക്കാരമെസ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്. ഇവര്‍ക്കെതിരെ പിഴ ചുമത്തുന്നത് അടക്കംനടപടികള്‍ സ്വീകരിച്ചു.
ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം ബത്തേരി ടൗണിലും പരിസരങ്ങളിലുമായുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും മെസുകളുമടക്കം 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ പൊറോട്ട, പപ്പാത്തി, ഫ്രൈഡ് റൈസ്, ചിക്കന്‍ – ബീഫ് ഫ്രൈ, കറികള്‍, മയോണൈസ് എന്നിവയാണ് പിടികൂടിയത്. കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവും കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന നിലയില്‍ കണ്ടെത്തിയ അസംപ്ഷന്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എം എം മെസിന് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി . സാബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി കെ സജീവ്, സുനില്‍കുമാര്‍, സജു പി അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്