ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം:ജില്ലാ വികസന സമിതി

0

ജില്ലയിലെ വിവിധ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്തടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥ, പുനരുദ്ധാരണം എന്നിവ അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് ചോള തണ്ട്, തീറ്റപ്പുല്‍, വൈക്കോല്‍ എന്നിവ കൊണ്ടുവരുന്നത് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് സംയുക്ത പദ്ധതി-വിപണി സാധ്യതകള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. എല്ലാ വകുപ്പുകുടെയും സംയുക്ത യോഗം ചേരുമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജില്ലയിലെ മനുഷ്യ -വന്യമൃഗ സംഘര്‍ഷ ലഘൂകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര പദ്ധതി യോഗത്തില്‍ ചര്‍ച്ച ചെയ്തു.ആദ്യ വര്‍ഷത്തില്‍ 150 കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിക്കുന്നത്. വനം വകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുമായി ചര്‍ച്ചകള്‍ നടത്തി ആവശ്യമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര പദ്ധതി തയ്യാറാക്കി നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കടുവയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ അതിര് നിര്‍മ്മിക്കുന്നതിന്റെ നടപടികള്‍ യോഗം വിലയിരുത്തി. കൃത്യമായ മാലിന്യ സംസ്‌ക്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രല്ല എല്ലാ വകുപ്പുകളുടെയും ഉത്തരവാദിത്വമാണെന്ന് യോഗത്തില്‍ പറഞ്ഞു. ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ പിഴ ഈടാക്കും.

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ 4633 അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനഭൂമി വിട്ട് നല്‍കുന്നതിനുള്ള അപേക്ഷ പരിവേഷ് പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍, വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടങ്ങൾ, പ്രളയത്തില്‍ തകര്‍ന്ന പൊഴുതന പഞ്ചായത്തിലെ പൂക്കോടി അങ്കണവാടി കെട്ടിട നിര്‍മ്മാണം, പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഗൂഡലായില്‍ നിര്‍മ്മിച്ച കെട്ടിടം ഹോസ്റ്റലായി ഉപയോഗിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി. പത്താം ക്ലാസ് പരീക്ഷയ്ക്ക് മുന്നോടിയായി പഠന വൈകല്യമുള്ള കുട്ടികളുടെ സ്‌ക്രീനിംഗ് നടത്തുന്നതിന് ജില്ലയില്‍ 8 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമായിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. യോഗത്തില്‍ ജില്ലയില്‍ പി.എം.എഫ്.എം.ഇ പദ്ധതിയുടെ നൂറ് ശതമാനം പൂര്‍ത്തീകരണ പ്രഖ്യാപനവും എം.എസ്.എം. ഇ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഫണ്ട് വിതരോണാദ്ഘാടനവും നടന്നു.

എം.എല്‍.എ ഫണ്ട് വിനിയോഗം, 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗം എന്നിവ വിലയിരുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. അഡ്വ.ടി സിദ്ധീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, എം.പി പ്രതിനിധി കെ.എല്‍ പൗലോസ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!