എം.ജി റോഡും, റഹിം മെമ്മോറിയല്‍ റോഡും കൂടിച്ചേരുന്ന ഗാന്ധിജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് കള്‍വര്‍ട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നത്. ബസ്സുകള്‍ ആളുകളെ ഇറക്കി കയറ്റിപോകുന്നതിലും മാറ്റങ്ങള്‍ ചൊവ്വാഴ്ച മുതല്‍ നടപ്പിലാകും.
ശക്തമായ മഴസമയത്ത് ഗാന്ധി ജംഗ്ഷനിലുണ്ടാകുന്ന വെളളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഇവിടെയുളള കള്‍വര്‍ട്ട് പൊളിച്ച് വീതികൂട്ടിയും ആഴംകൂട്ടിയും നിര്‍മ്മി്ക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ചമുതല്‍ ടൗണില്‍ ഗതാഗതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ അഡൈ്വസറി യോഗം തീരുമാനിച്ചത്. കള്‍വര്‍ട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് ഘട്ടഘട്ടമായി പൊളിക്കുന്നതിനാല്‍ എം.ജി റോഡ്, റഹിം മെമ്മോറിയല്‍ റോഡ് വഴി ചെറിയ വാഗഹനങ്ങള്‍മാത്രമേ കടത്തിവിടുകയുളളു. നിര്‍മ്മാണ പ്രവര്‍ത്തി അവസാനിക്കുംവരെ താളൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ രാജീവ് ഗാന്ധി മിനി ബൈപ്പാസിന് സമീപം നിറുത്തി ആളുകളെ ഇറക്കി കയറ്റണം. തുടര്‍ന്ന് ബൈപ്പാസ് വഴി ചുങ്കം ബസ്റ്റാന്റില്‍ എത്തി ബൈപ്പാസുവഴി തന്നെ തിരിച്ചു താളൂരിലേക്ക് പോകണം. നമ്പ്യാര്‍കുന്ന്, മുത്തങ്ങ, പുല്‍പ്പള്ളി ഭാഗങ്ങളില്‍ നിന്നുവരുന്ന ബസ്സുകള്‍ ചുങ്കം ബസ്റ്റാന്റില്‍ പ്രവേശിച്ച് തിരിച്ചുപോകണം. കല്‍പ്പറ്റ ഭാഗത്തുനിന്നുവരുന്ന ബസ്സുകള്‍ കോടതിയുടെ സമീപം ആളുകളെ ഇറക്കിയതിനുശേഷം പഴയ ബസ്റ്റാന്റില്‍ എത്തി തിരിച്ചുപോകണം. നിയന്ത്രണത്തിന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ്, കീര്‍ത്തി ടവര്‍ എന്നിവയ്ക്കുമുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ചൊവ്വാഴ്ചമുതല്‍ താല്‍ക്കാലികമായി നിറുത്തി വെക്കും. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര ബസ്സുകളും ദീര്‍ഘദൂര പ്രൈവറ്റ് ബസ്സുകളും രണ്ട് മിനിറ്റില്‍ കൂടുതല്‍ ചുങ്കം ബസ് കാത്തിരിപ്പു കേന്ദ്രത്തിനുസമീപം നിറുത്തിയിടരുത്. കൂടാതെ അസംപ്ഷന്‍ ജംഗ്ഷനില്‍ എത്തി ആളുകളെ കയറ്റി പോകണം. ചരക്കു ലോറികള്‍ ടൗണില്‍ ദേശീയപാത വഴിതന്നെ കടന്നുപോകണം. ബൈപ്പാസില്‍ പാര്‍ക്കിങ് ഇല്ല. ദേശീയപാത 766ല്‍ പാര്‍ക്കിങ്ങിനായി അനുവദിച്ച സ്ഥലത്തല്ലാതെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.