സുല്‍ത്താന്‍ ബത്തേരി കട്ടയാടും സമീപപ്രദേശങ്ങളിലും ഭീതി പരത്തുന്ന കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരികരിക്കുകയും വളര്‍ത്തുനായയെ കാണാതാവുകയും ചെയ്തതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കട്ടയാട്, ചീനപുല്ല്, നേതാജി നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് ആവശ്യമുയരുന്നത്.
പലരും രാത്രിയും,പുലര്‍ച്ചെയും കടുവയെ കാണുക കൂടി ചെയ്തതോടെ പ്രദേശങ്ങളാകെ ഭീതിയിലായിരിക്കുകയാണ്.ഇതിനിടെ കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ വളര്‍ത്തുനായയെ കാണാതായതും നാട്ടുകാരുടെ ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്. ക്ഷീര കര്‍ഷകരും വിദ്യാര്‍ഥികളും അതി രാവിലെ പാലളക്കാനും മദ്രസകളിലും പോകാനും ഭയപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് ആവശ്യമുയരുന്നത്. അതേ സമയം പ്രദേശങ്ങളിലെ വന്‍കിട തോട്ടങ്ങള്‍ കാടുമൂടി കിടക്കുന്നതും കടുവയ്ക്ക് തമ്പടിക്കാന്‍ കാരണമാകുന്നുണ്ട്. തോട്ടങ്ങളിലെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യം ശക്തമാണ്.