തിരുവാതിര മഹോത്സവം ഡിസംബര്‍ 26,27 തീയതികളില്‍
വയനാട്ടിലെ അപൂര്‍വം സ്വയംഭൂ ശിവലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ഡിസംബര്‍ 26,27 തീയതികളില്‍ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മഴുവന്നൂര്‍ ഇല്ലം കുഞ്ഞിക്കേശവന്‍ എമ്പ്രാന്തിരി, ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരി, പെരുമുണ്ടം ചിറമൂല ഇല്ലം ശങ്കരനാരായണന്‍ എമ്പ്രാന്തിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉത്സവത്തോടനുബന്ധിച്ച് ഡിസം.26ന് രാവിലെ 11.30ന് സാംസ്‌ക്കാരിക സദസ്സ്, വൈകുന്നേരം 3 മണി മുതല്‍ ജില്ലയിലുള്ള ക്ഷേത്രങ്ങളിലെ മാതൃസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന തിരുവാതിരക്കളി മത്സരം ധനുമാസരാവ് 2023, 27ന് രാവിലെ 9.30ന് 11 ആചാര്യന്‍മാരുടെ അകമ്പടിയോടെ നടത്തുന്ന മഹാരുദ്രാഭിഷേകം, ഉച്ചക്ക് 1 മണിക്ക് തിരുവാതിര വ്രതത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന തിരുവാതിരപുഴുക്ക്, വൈകുന്നേരം 4.30ന് പൈങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് നടത്തുന്ന താലപ്പൊലി വരവ് എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം സെക്രട്ടറി ഇ.കെ ഗോപി, ചെയര്‍മാന്‍ അഖില്‍ പ്രേം, ജോയിന്റ് കണ്‍വീനര്‍ വി.ആര്‍ രാകേഷ് , ട്രഷറര്‍ എം.വി അനുരാഗ് തുടങ്ങിയവര്‍ പങ്കെടുത്തു.