കര്‍ണാടക ഗുണ്ടല്‍പേട്ട ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിന് സമീപം കടുവാക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയില്‍ ആടുകളെ മേയ്ക്കാന്‍ പോയ ബസവനാണ് കൊല്ലപ്പെട്ടത്. പാതിഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍ ബസ്സവനെ കാണാനില്ലായിരുന്നു.
ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്ല്‍പേട്ട ഹാദി താഴ്വരയ്ക്ക് സമീപത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയില്‍ താമസിക്കുന്ന ബസവന്‍ ഞായറാഴ്ചയാണ് ആടുകളെ മേയ്ക്കാന്‍ വനത്തിലേക്ക് പോയത്. എന്നാല്‍ അന്ന് രാത്രി ബസവന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തിങ്കളാഴ്ചയായിട്ടും ഇയാള്‍ എത്താതായതോടെ ആശങ്കയിലായ വീട്ടുകാര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ന് രാവിലെ വനംവകുപ്പിനെ വിവരമറിയിച്ച് നടത്തിയ തെരിച്ചിലിലാണ് വീരേശ്വര ഗുഡ്ഡയില്‍ ബസവന്റെ മൃതദേഹം കടുവ പാതിഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ദിപ്പൂരിലെ നഞ്ചന്‍ഗുഡു താലൂക്കിലെ ബള്ളൂര്‍ ഹുണ്ടിക്കടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കര്‍ഷക സ്ത്രീയെ കടുവ കൊന്നു തിന്നിരുന്നു. ചാമരാജനഗര്‍ ജില്ലയില്‍ മാത്രം ഒരു കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുപേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നരഭോജിയായ കടുവയെ എത്രയും പെട്ടെന്ന് പിടി കൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.