യുവാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെല്ലാം പിടിയില്‍

0

കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ ക്വട്ടേഷന്‍ സംഘാംഗങ്ങളെല്ലാം പോലീസ് പിടിയിലായി. എറണാകുളത്ത് നിന്നുമാണ് പ്രതികളായ നാല് പേരെ മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടിയത്. കേസില്‍ എട്ടുപേരെ മുമ്പ് പിടികൂടിയിരുന്നു. ഒക്ടോബര്‍ 12ന് പുലര്‍ച്ചെ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘമാണ് കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നാലു പേരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം സ്വദേശികളായ പനങ്ങാട് കടന്ത്രറ വീട്ടില്‍ കെ.യു പ്രവീണ്‍കുമാര്‍, മുളന്തുരുത്തി ഏലിയേറ്റില്‍ വീട്ടില്‍ ജിത്തു ഷാജി, കളമശ്ശേരി നാറക്കാട്ടില്‍ വീട്ടില്‍ സി. പ്രവീണ്‍, തൃക്കാക്കാരത്തോപ്പില്‍ വലിയപറമ്പില്‍ വീട്ടില്‍ ഷറഫുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്നും ഒരാളെ കോഴിക്കോട് നിന്നും നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും പോലീസിന്റെ പിടിയിലായി. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഓ എം.എ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമം നടന്ന് രണ്ട് മാസത്തിനുള്ളില്‍ 12 പ്രതികളെയും വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളുടെ നീക്കം നിരീക്ഷിച്ചും, വേഷപ്രച്ഛന്നരായി നിരവധിയിടങ്ങളില്‍ സഞ്ചരിച്ചുമാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. പിടിയിലായവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!