ഷെഡിന് തീപിടിച്ച് വയോധികന്‍ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു
തരുവണ പാലിയാണയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികന്‍ പൊള്ളലേറ്റ് മരിച്ചു.
പാലയാണ മണികണ്ഠാലയം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തേനാമിറ്റത്തില്‍ വെള്ളന്‍ (80) ആണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയി (70) യെ ഗുരുതര പൊള്ളലേറ്റ നിലയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു. ഇരുവരും തനിച്ച് താമസിച്ച് വന്നിരുന്ന ഷെഡ്ഡിനാണ് ഇന്ന് വൈകീട്ട് ആറരയോടെ തീപിടിച്ചത്. സമീപത്ത് ഫുട്ബോള്‍ കളിക്കുന്ന കുട്ടികളാണ് ആദ്യം അഗ്നി ബാധ കണ്ടത്. തുടര്‍ന്ന് സമീപവാസികള്‍ വെള്ളംകോരിയൊഴിച്ചു തീകെടുത്തിയെങ്കിലും വെള്ളന്‍ മരണപ്പെട്ടിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു വെള്ളന്‍. ഭാര്യ തേയിയുടെ അരയ്ക്ക് താഴേക്കും കൈക്കും മറ്റും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. രാത്രിയായതിനാല്‍ ശാസ്ത്രീയ പരിശോധനകള്‍ അടക്കമുള്ളവ നാളെയാണ് ചെയ്യുക. മക്കള്‍: അണ്ണന്‍, വനജ, മണി, ബിന്ദു.